പത്തനംതിട്ടയിൽ ശബരിമല തീർത്ഥാടകരുടെ വാഹനം മറിഞ്ഞു; കുട്ടിയുടെ നില ഗുരുതരം
ആന്ധ്രയിൽനിന്നുള്ള ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞു 12 പേർക്കു പരുക്ക്. ളാഹ വിളക്കുവഞ്ചിയിലാണു അപകടം. ഗുരുതരമായി പരുക്കേറ്റ 4 പേരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എട്ടു വയസ്സുകാരൻ ഉൾപ്പെടെ രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്.
ബസിനടിയിൽ കുടുങ്ങിയ മൂന്നു പേരെ ഏറെനേരത്തെ ശ്രമത്തിനു ശേഷം രക്ഷപ്പെടുത്തി. ആരോഗ്യമന്ത്രി വീണാ ജോർജ് സ്ഥലത്തെത്തിയിട്ടുണ്ട്. പരിക്കേറ്റ 10 പേരെ പെരുനാട് താലൂക് ആശുപത്രിയിലും ഏഴ് പേരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തിൽപ്പെട്ട കുട്ടിയുടെ നില അതീവ ഗുരുതരമാണ്. നേരത്തേ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മണികണ്ഠൻ എന്ന കുട്ടിയാണ് അപകടത്തിൽപ്പെട്ടത്. മൊബൈൽ നെറ്റ് വർക്കിന് പ്രശ്‌നമുള്ള സ്ഥലമാണ് ഇത്. അതിനാൽ തന്നെ അപകടം നടന്നത് അറിയാൻ വൈകിയെന്നാണ് ലഭിക്കുന്ന വിവരം. സിപിഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഈ വഴി യാത്ര സഞ്ചരിക്കുന്നതിനിടെയാണ് അപകടം നടന്നതായി കാണുന്നത്. തുടർന്ന് ബന്ധപ്പെട്ടവരെ വിളിച്ച് അറിയിക്കുകയായിരുന്നു.
അപകടത്തിന്റെ പശ്ചാത്തലത്തിൽ തീർത്ഥാടകരെ വഴി തിരിച്ചുവിടും. പത്തനംതിട്ട ഭാഗത്ത് നിന്ന് എത്തുന്ന വാഹനങ്ങൾ പുതുക്കടയിൽ നിന്ന് തിരിഞ്ഞു മണക്കയം സീതത്തോട് വഴി പ്ലാപ്പള്ളി എത്തി പോകണം. തിരിച്ചു വരുന്നവൻ പ്ലാപ്പള്ളിയിൽ നിന്ന് തിരിഞ്ഞ് സീതത്തോട് മണക്കയം വഴി പുതുക്കട എത്തി തിരിഞ്ഞു പോകണം.