മോട്ടര്‍ വാഹനവകുപ്പിനെ വെല്ലുവിളിച്ച് വീണ്ടും സർവീസ് തുടങ്ങി റോബിൻ ബസ്;  7500 രൂപ പിഴയിട്ട് എംവിഡി

Update: 2023-11-18 03:00 GMT

റോബിന്‍ ബസ് സര്‍വീസ് തുടങ്ങിയതിന് പിന്നാലെ പിഴ ഈടാക്കി എംവിഡി. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്ന് യാത്ര തുടങ്ങിയ റോബിന്‍ ബസ് 100 മീറ്റർ പിന്നിട്ടപ്പോൾ പരിശോധനയുമായി എത്തിയ എംവിഡി പെർമിറ്റ് ലംഘിച്ചെന്ന കുറ്റം ചുമത്തി 7500 രൂപ പിഴയിട്ടു. പരിശോധന തുടരുമെന്ന് എംവിഡി അറിയിച്ചു. 

അതേസമയം  കോടതിയാണോ മോട്ടർവാഹന വകുപ്പാണോ വലുതെന്ന് നോക്കാമെന്നും ഗതാഗതമന്ത്രിയുടെ പിടിവാശി അംഗീകരിക്കില്ലെന്നുമായിരുന്നു ബസ് ഉടമ പാലാ സ്വദേശി ബേബി ഗിരീഷിന്റെ പ്രതികരണം. പരിശോധനയെ തുടര്‍ന്ന് അരമണിക്കൂര്‍ വൈകിയാണ് ബസിന്‍റെ യാത്ര. കോയമ്പത്തൂർ വരെ ബസുടമയും യാത്രയിൽ പങ്കെടുക്കും.  

ഓഗസ്റ്റ് 30നാണ് റോബിന്‍ ബസ് പത്തനംതിട്ടയില്‍ നിന്നും കോയമ്പത്തൂരിലേക്കു സര്‍വീസ് ആരംഭിച്ചത്. സെപ്റ്റംബര്‍ ഒന്നിന് രാവിലെ റാന്നിയില്‍ വച്ച് മോട്ടോര്‍ വാഹനവകുപ്പ് നടത്തിയ പരിശോധനയില്‍ ഉദ്യോഗസ്ഥര്‍ ബസിന്‍റെ ഫിറ്റ്നസ് റദ്ദാക്കുകയായിരുന്നു. 

വൈപ്പർ ബ്ലേഡിനു കനംകുറവ്. മഡ്ഫ്ലാപ് നട്ട് അയഞ്ഞു കിടക്കുന്നു. ബ്രേക്ക് ചവിട്ടുമ്പോൾ എയർ പോകുന്ന ശബ്ദം കേൾക്കുന്നു. യാത്രക്കാരുടെ ഫുട്‌റെസ്റ്റിന്റെ റബറിനു തേയ്മാനം. എന്നിങ്ങനെയുള്ള കുറ്റങ്ങളാണു കണ്ടെത്തിയത്.45 ദിവസങ്ങൾക്കു ശേഷം കുറവുകൾ പരിഹരിച്ചു ഫിറ്റ്നസ് ടെസ്റ്റ് പാസായി.

Tags:    

Similar News