അശ്ലീല വിഡിയോ വിവാദത്തിൽ സ്ത്രീവിരുദ്ധ പരാമർശവുമായി ആർഎംപി നേതാവ്; വിവാദമായപ്പോൾ പിന്നാലെ ഖേദപ്രകടനം

Update: 2024-05-12 02:07 GMT

വടകര മണ്ഡലത്തിൽ ഉയർന്ന അശ്ലീല വിഡിയോ വിവാദത്തിൽ സ്ത്രീവിരുദ്ധ പരാമർശവുമായി ആർഎംപി നേതാവ് കെ.എസ്. ഹരിഹരൻ. വടകരയിൽ യുഡിഎഫും ആർഎംപിയും ചേർന്ന് സംഘടിപ്പിച്ച പരിപാടിയിലാണ് ഹരിഹരന്റെ സ്ത്രീവിരുദ്ധ പരാമർശം. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, വടകരയിലെ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ തുടങ്ങിയവരും പരിപാടിക്കുണ്ടായിരുന്നു. സംഭവം വിവാദമായതോടെ ഹരിഹരൻ സമൂഹമാധ്യമത്തിൽ ഖേദം പ്രകടിപ്പിച്ചു.

''സിപിഎമ്മിന്റെ സൈബർ ഗുണ്ടകൾ കരുതിയത്, അവർ ചില സംഗതികൾ നടത്തിയാൽ തീരുമെന്നാണ്. ടീച്ചറുടെ ഒരു അശ്ലീല വിഡിയോ ഉണ്ടാക്കിയെന്നാണ് പരാതി. ആരെങ്കിലും ഉണ്ടാക്കുമോ അത്? ''- ഹരിഹരൻ പറഞ്ഞു. മറ്റാരുടെയെങ്കിലും ഉണ്ടാക്കിയെന്ന് പറഞ്ഞാൽ മനസ്സിലാക്കാമെന്ന് ഒരു നടിയെ പരാമർശിച്ചും ഹരിഹരൻ കുട്ടിച്ചേർത്തു.

''ഈ പറയുന്ന വിഡിയോ ആരുണ്ടാക്കി? ഇത് ഉണ്ടാക്കിയതിൽ പി. മോഹനന്റെ മകൻ നികിതാസ് ജൂലിയസിനു വല്ല പങ്കുമുണ്ടോ? പി.മോഹനന്റെയും ലതികയുടെയും മകൻ നികിതാസ് ജൂലിയസാണല്ലോ കോഴിക്കോട് ജില്ലയിൽ സിപിഎമ്മിന്റെ സൈബർ ലോകത്തെ നിയന്ത്രിക്കുന്നത്. അവനാണല്ലോ പി.വി. അൻവർ എംഎൽഎയുടെ പ്രധാനപ്പെട്ട ആൾ. ഇന്ദു മേനോൻ എന്ന എഴുത്തുകാരി പറയുന്നതുപ്രകാരമാണെങ്കിൽ അവനാണല്ലോ ബിജെപിയുടെ ശ്രീധരൻപിള്ള എന്ന ഗവർണർക്കു നേരെ കാറോടിച്ചു കയറ്റി അയാളെ കൊല്ലാൻ നോക്കിയത്. ഇതൊക്കെ സൈബർ ലോകത്തു വന്നതാണല്ലോ.

''ശ്രീധരൻപിള്ളയേപ്പോലെ ഗോവ ഗവർണറുടെ വാഹനവ്യൂഹത്തിലേക്കു കാറോടിച്ച് അയാളെ കൊല്ലാൻ ശ്രമിച്ചിട്ട് ശ്രീധരൻ പിള്ള പറഞ്ഞത് ചെറിയ പയ്യനല്ലേ, വിട്ടേക്കൂ എന്നാണ്. മാർക്‌സിന്റെയും ഏംഗൽസിന്റെയും രണ്ട് പുസ്തകവുമായി പോയതിനാണ് അലൻ ഷുഹൈബിനെയും യുഎപിഎ ചുമത്തി പി.മോഹനന്റെ നാട്ടിലെ പൊലീസ് അറസ്റ്റ് ചെയ്തത്. ഗവർണറെ കൊല്ലാൻ ശ്രമിച്ചതിനു കേസില്ല.'' ഹരിഹരൻ പറഞ്ഞു.

സ്ത്രീവിരുദ്ധ പരാമർശം ചർച്ചയായതോടെ ഹരിഹരൻ തന്റെ ഫെയ്സ്ബുക്ക് പേജിൽ ഖേദം പ്രകടിപ്പിച്ചു. '' ഇന്ന് വടകരയിൽ നടത്തിയ ഒരു പ്രസംഗത്തിൽ അനുചിതമായ ഒരു പരാമർശം കടന്നുവന്നതായി സുഹൃത്തുക്കളും മാധ്യമപ്രവർത്തകരും എന്റെ ശ്രദ്ധയിൽപ്പെടുത്തുകയുണ്ടായി. തെറ്റായ ആ പരാമർശം നടത്തിയതിൽ നിർവ്യാജം ഖേദിക്കുന്നു.'' ഹരിഹരൻ ഫെയ്സ്ബുക്കിൽ പറഞ്ഞു.

Tags:    

Similar News