ആർ എം പി നേതാവ് ഹരിഹരന്റെ സ്ത്രീവിരുദ്ധ പരാമർശം ; നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകി ഇടത് സംഘടനകൾ
കോഴിക്കോട് വടകരയിൽ യു ഡി എഫ് നടത്തിയ പരിപാടിക്കിടെ ആർ എം പി നേതാവ് ഹരിഹരൻ നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങളിൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡി വൈ എഫ് ഐയും ജനാധിപത്യ മഹിളാ അസോസിയേഷനും സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. സ്ത്രീത്വത്തെ അപമാനിച്ചതിൽ ഹരിഹരനെതിരെ കേസെടുക്കണമെന്നാണ് ജനാധിപത്യ മഹിളാ അസോസിയേഷന്‍റെ പരാതിയിലെ ആവശ്യം. വനിതാ കമ്മിഷനും പരാതി നൽകുമെന്ന് സംഘടന അറിയിച്ചു.
ഹരിഹരന്‍റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിൽ ഐ ടി ആക്ട് പ്രകാരമടക്കം കേസ് എടുക്കണമെന്നാണ് ഡി വൈ എഫ് ഐ സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം ചൂണ്ടികാട്ടി ഡി വൈ എഫ് ഐ വടകര ബ്ലോക്ക് സെക്രട്ടറി വടകര റൂറൽ എസ് പിക്കും പരാതി നൽകിയിട്ടുണ്ട്.
ഹരിഹരൻ നടത്തിയ പ്രസംഗം സാംസ്‌കാരിക കേരളത്തിന് നേരെയുള്ള വെല്ലുവിളിയാണെന്ന് നേരത്തെ ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ഫേസ്ബുക്ക് കുറിപ്പിലൂടെ അഭിപ്രായപ്പെട്ടിരുന്നു. കേരളത്തിൽ ഏറെ ബഹുമാനിക്കപ്പെടുന്ന സ്വപ്രയത്നത്താൽ വ്യക്തി മുദ്ര പതിപ്പിച്ച കലാകാരികളെ പോലും ആർ എം പി - യു ഡി എഫ് നേതൃത്വം എത്ര മാത്രം നികൃഷ്ടമായ കണ്ണുകളോട് കൂടിയാണ് കാണുന്നത് എന്നത് തെളിയിക്കുന്നതാണ് പ്രസംഗമെന്നും ഡി വൈ എഫ് ഐ ചൂണ്ടികാട്ടിയിരുന്നു. അതുകൊണ്ടുതന്നെ ശൈലജ ടീച്ചറെയും മഞ്ജു വാര്യരെയും അപമാനിച്ച ഹരിഹരന് എതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്.