മാത്യു കുഴല്‍നാടന് റവന്യൂ വകുപ്പിന്റെ നോട്ടീസ്

Update: 2024-01-29 04:53 GMT

മൂവാറ്റുപുഴ എം.എല്‍.എ. മാത്യു കുഴല്‍നാടന് റവന്യൂ വകുപ്പിന്റെ നോട്ടീസ്. ചിന്നക്കനാലിലെ ഭൂമി കയ്യേറ്റ കേസിലാണ് നോട്ടീസ്. കയ്യേറ്റം ഒഴിപ്പിക്കാതിരിക്കാന്‍ കാരണങ്ങളുണ്ടെങ്കില്‍ ബോധ്യപ്പെടുത്താന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ആധാരത്തിലുള്ളതിനേക്കാള്‍ 50 സെന്റ് സര്‍ക്കാര്‍ അധികഭൂമി കയ്യേറിയതിനാണ് കുഴല്‍നാടന് എതിരേ കേസ് എടുത്തിട്ടുള്ളത്.


ഭൂ സംരക്ഷണ നിയമപ്രകാരമുള്ള നടപടിയുടെ ഭാഗമായാണ് മാത്യു കുഴല്‍നാടന് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇദ്ദേഹത്തിന്റെ കൈവശമുള്ള അധികഭൂമി തിരിച്ചു പിടിക്കുന്നതിനുള്ള നടപടി റവന്യൂ വകുപ്പ് സ്വീകരിച്ചിരിക്കുകയാണ്. അതേസമയം വിശദീകരണം നല്‍കാന്‍ 14 ദിവസത്തെ സാവകാശമാണുള്ളത്.


കക്ഷിയ്ക്ക് എന്തു വിശദീകരണമാണ് നല്‍കാനുള്ളത് എന്ന് പരിശോധിക്കാനാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്. ഉടുമ്പന്‍ചോല എല്‍.ആര്‍. തഹസില്‍ദാര്‍, വില്ലേജ് ഓഫീസ് മുഖാന്തരമാണ് ആരോപണവിധേയമായ റിസോര്‍ട്ടില്‍ എത്തിച്ച് കൈമാറിയിരിക്കുന്നത്. നോട്ടീസ് ലഭിച്ചെന്ന കാര്യം സ്ഥിരീകരിച്ച മാത്യു കുഴല്‍നാടന്‍, ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിച്ചു വരികയാണെന്നും പറഞ്ഞു.


വിഷയത്തില്‍ ഹിയറിങ്ങിന് വിളിപ്പിക്കുമ്പോള്‍ മതിയായ രേഖകള്‍ ഹാജരാക്കാന്‍ മാത്യു കുഴല്‍നാടന് കഴിഞ്ഞില്ലെങ്കില്‍ റവന്യൂവകുപ്പ് തുടര്‍നടപടികളിലേക്ക് കടക്കും. കൂടാതെ വിജിലന്‍സും വിഷയത്തില്‍ അന്വേഷണം നടത്തുന്നുണ്ട്. അന്വേഷണം പൂര്‍ത്തിയാകുന്നതോടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറുമെന്നാണ് വ്യക്തമാകുന്നത്.

Tags:    

Similar News