'കേരളത്തിൽ ഒരു സർക്കാരില്ലേ? ; ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണം': പ്രതിപക്ഷ നേതാവ്

Update: 2024-02-17 11:37 GMT

വയനാട്ടിലെ സാഹചര്യം സംബന്ധിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണില്‍ സംസാരിച്ചു. ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്നും വന്യജീവി അക്രമത്തില്‍ നിന്ന് ജനങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

തുടർച്ചയായി വന്യജീവി അക്രമത്തില്‍ മനുഷ്യ ജീവനുകള്‍ നഷ്ടമാകുമ്പോള്‍ വൈകാരിക പ്രതികരണങ്ങള്‍ സ്വാഭാവികമാണ്. സ്ഥിതിഗതികള്‍ കൈവിട്ടു പോകാതിരിക്കാന്‍ സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്നും പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. വന്യമൃഗങ്ങളിൽനിന്ന് ജനങ്ങളെ രക്ഷിക്കാൻ നിലവിലെ സംവിധാനങ്ങൾ അപര്യാപ്തമാണ്. വയനാട്ടിൽ നടക്കുന്നത് ജനങ്ങളുടെ സ്വഭാവികമായ വൈകാരിക പ്രതികരണമാണ്. കേരളത്തിൽ ഒരു സർക്കാരില്ലേ? ഇത്രയും നിഷ്ക്രിയമായിരുന്നാൽ എന്താണ് സ്ഥിതി?- വി.ഡി സതീശൻ ചോദിച്ചു.

മുസ്ലീം ലീഗ് നേതാക്കൾ ഡൽഹിയിൽ കേന്ദ്രനേതാക്കളുമായി ചർച്ച നടത്താൻ പോയതുകൊണ്ടാണ് അവരുമായുള്ള തിരഞ്ഞെടുപ്പ് ചർച്ചകൾ വൈകിയതെന്നും നാളെയും മറ്റന്നാളുമായി ചർച്ച തുടരുമെന്നും മറ്റൊരു ചോദ്യത്തിന് മറുപടിയായി പ്രതിപക്ഷ നേതാവ് പറഞ്ഞു.

വയനാട്ടിലെ ജനങ്ങളുടെ പ്രശ്നത്തിൽ ഒന്നും ചെയ്യാതെ വനംമന്ത്രിയും സർക്കാരും നിഷ്ക്രിയരായിരിക്കുകയാണെന്ന് കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ വിമര്‍ശിച്ചു. അഴിമതിയിൽ മുങ്ങിത്താഴുന്ന പിണറായിയെ ഇനിയും താങ്ങണോ എന്ന് എൽ.ഡി.എഫ്. ചിന്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ.പി.സി.സി. സമരാഗ്നി ജാഥയുടെ ഭാഗമായി പാലക്കാട് നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.

Tags:    

Similar News