തൃശൂർ സീറ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എത്തിച്ചാലും നേരിടാൻ തയ്യാർ ; വെല്ലുവിളിച്ച് ടി എൻ പ്രതാപൻ എം.പി

Update: 2024-01-16 10:40 GMT

പ്രധാനമന്ത്രിയെ തൃശൂരിൽ മത്സരിക്കാൻ വെല്ലുവിളിച്ച് ടി എൻ പ്രതാപൻ എം പി. നരേന്ദ്ര മോദി തൃശൂരിൽ മത്സരിച്ചാൽ നേരിടാൻ തയാറെന്നായിരുന്നു വെല്ലുവിളി. തൃശൂരിൽ നരേന്ദ്രമോദി യുഡിഎഫിനെതിരെ മത്സരിക്കണമെന്നാണ് ആഗ്രഹം. പ്രധാനമന്ത്രിയും യുഡിഎഫും തമ്മിലാണ് മത്സരം. സുരേഷ് ഗോപി എത്ര കിരീടം സമർപ്പിച്ചാലും മണിപ്പൂർ പരാമർശത്തിന് പകരമാവില്ലെന്നും ടി എൻ പ്രതാപൻ പറഞ്ഞു.

മണിപ്പൂരിൽ പള്ളി തകർത്തതിന്റെ പരിഹാരമായാണ് സ്വർണ കിരീടം സമർപ്പിച്ചതെന്നാണ് വിമർശനം. പാപക്കറ കഴുകിക്കളയാൻ സ്വർണക്കിരീടം കൊണ്ടാവില്ല. തൃശൂരിൽ ബി ജെ പി ചെലവഴിക്കാൻ പോവുന്നത് നൂറ് കോടി രൂപയാണെന്നും ടി എൻ പ്രതാപൻ ആരോപണം ഉന്നയിച്ചു. ബി ജെ പിയുടെ രാഷ്ട്രീയ നാടകം തൃശൂരുകാർ തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.

മകളുടെ വിവാഹത്തിന് മുന്നോടിയായുള്ള നേർച്ചയുടെ ഭാഗമായാണ് സുരേഷ് ഗോപിയും കുടുംബവും സ്വർണ്ണ കിരീടം സമർപ്പിച്ചത്. നാളെ ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചാണ് ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങുകൾ നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി വിവാഹത്തിൽ പങ്കെടുക്കും. ഇന്ന് കൊച്ചിയിലെത്തുന്ന മോദി അന്ന് റോഡ് ഷോ നടത്തും. തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലും പ്രധാനമന്ത്രി ദർശനം നടത്തിയേക്കും.

Tags:    

Similar News