ആലുവയിൽ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി അസഫാഖ് ആലത്തിനെതിരായ ശിക്ഷാ വിധി ഇന്ന്

Update: 2023-11-14 02:47 GMT

ആലുവയിൽ അഞ്ചുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അസഫാഖ് ആലത്തിനെതിരായ ശിക്ഷാ വിധി ഇന്ന്. എറണാകുളം പോക്‌സോ കോടതി ജഡ്ജി കെ സോമനാണ് ശിക്ഷ വിധിക്കുക. അസഫാഖ് ആലത്തിനെതിരെ ചുമത്തിയ മുഴുവൻ കുറ്റങ്ങളും തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിരുന്നു. പ്രതിക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷന്റെ വാദം. ജൂലൈ 28നാണ് ഇതര സംസ്ഥാന തൊഴിലാളിയുടെ മകളായ അഞ്ചുവയസുകാരിയെ പ്രതി അസഫാഖ് ആലം ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തുന്നത്. അതിവേഗം നടപടിക്രമങ്ങൾ പൂർത്തിയായ കേസിൽ സംഭവം നടന്ന് 110 ആം ദിവസമാണ് ശിക്ഷാ വിധി. എറണാകുളം പോക്‌സോ കോടതി ജഡ്ജി കെ സോമനാണ് കേസിൽ ശിക്ഷ വിധിക്കുക. അസഫാഖ് ആലത്തിനെതിരെ ചുമത്തിയ മുഴുവൻ കുറ്റങ്ങളും തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിരുന്നു.

കൊലപാതകം, പീഡനം,തെളിവുനശിപ്പിക്കൽ ഉൾപ്പെടെ പരമാവധി ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതിക്കെതിരെ തെളിഞ്ഞത്. പ്രതി മാനസാന്തരപ്പെടാൻ സാധ്യതയുണ്ടോ എന്ന റിപ്പോർട്ടും കോടതി പരിശോധിച്ചിട്ടുണ്ട്. ഇക്കാര്യം കൂടി പരിഗണിച്ചാണ് ശിക്ഷാ വിധി. പ്രതിയുടെ പ്രായം കണക്കിലെടുത്ത് വധശിക്ഷ നൽകുന്നത് ഒഴിവാക്കണമെന്നാണ് പ്രതിഭാഗത്തിന്റെ വാദം.

നാടിനെ നടുക്കിയ ക്രൂരമായ കൊലപാതകത്തിൽ 34 ദിവസം കൊണ്ട് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിരുന്നു. 26 ദിവസങ്ങൾ മാത്രമെടുത്താണ് വിചാരണ പൂർത്തിയായത്. പെൺകുട്ടിയുടെ അച്ഛനെയും അമ്മയെയും ഉൾപ്പെടെ 44 സാക്ഷികളെ പ്രോസിക്യൂഷനും പ്രതിഭാഗവും വിസ്തരിച്ചു. പെൺകുട്ടി ധരിച്ച വസ്ത്രങ്ങൾ ഉൾപ്പെടെ പത്ത് തൊണ്ടിമുതലും സി.സി.ടി.വി ദൃശ്യങ്ങളുമാണ് കോടതിയിൽ അന്വേഷണ സംഘം തെളിവായി ഹാജരാക്കിയത്. ശിശു ദിനത്തിൽ കോടതി ശിക്ഷ വിധിക്കുമ്പോൾ പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ ലഭിക്കുമെന്നാണ് പ്രോസിക്യൂഷന്റെയും പെൺകുട്ടിയുടെ കുടുംബത്തിന്റെയും പ്രതീക്ഷ.

Tags:    

Similar News