ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് രാജിവെക്കണമെന്ന് സംവിധായകൻ ഭദ്രൻ

Update: 2024-08-24 12:14 GMT

ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരായ ബം​ഗാൾ നടിയുടെ ആരോപണത്തിൽ പ്രതികരണവുമായി സംവിധായകൻ ഭദ്രൻ രം​ഗത്ത്. സ്ഥാനത്തിരുന്ന് ആരോപണത്തെ നേരിടുന്നത് ശരിയല്ലെന്നും രഞ്ജിത്ത് രാജി വെച്ച് ആരോപണത്തെ നേരിടണമെന്നും ഭദ്രൻ അഭിപ്രായപ്പെട്ടു. വളരെ ഞെട്ടിക്കുന്ന ഒരു വാർത്തയാണ് കേട്ടത്. രഞ്ജിത്ത് രാജിവച്ച് ആരോപണത്തെ നേരിട്ട് സംശുദ്ധത തെളിയിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കേവലമൊരു സംവിധായകനോ തിരക്കഥാകൃത്തോ മാത്രമല്ല അദ്ദേഹം. ഇരിക്കുന്ന പദവിയുടെ ​ഗൗരവം കൂടി മാനിക്കണം. മന്ത്രി സജി ചെറിയാന്‍ അനാവശ്യമായി രഞ്ജിത്തിനെ സംരക്ഷിക്കുമെന്ന തോന്നലുണ്ടാകുമെന്നും ഭദ്രന്‍ ചൂണ്ടിക്കാട്ടി. സാംസ്കാരിക മന്ത്രി തൊടുത്തുവിടുന്ന ചില വാക്കുകൾ ശോചനീയമാണെന്നും സംവിധായകൻ ഭദ്രൻ പറഞ്ഞു. സ്ഥാനത്തിന് നിരക്കാത്ത വാക്കുകളാണ് മന്ത്രിയുടേത്. മന്ത്രി രജ്ഞിത്തിനെ പിന്തുണക്കുന്നുവെന്ന് പൊതുജനത്തിന് തോന്നാൻ തുടങ്ങിയിട്ടുണ്ട്. അങ്ങനെ വരാൻ പാടില്ല. സിനിമയിൽ എന്തുതോന്നിവാസവും ആകാമെന്ന് പറയുന്നത് ശരിയല്ല. അവിടെ മാന്യത ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. അമ്മ സംഘടന കുറച്ച് മുൻപേ അഭിപ്രായം പറയേണ്ടത് ആയിരുന്നു. മാഫിയ സംഘം അഥവാ പവർ ഗ്രൂപ്പ്‌ ഉണ്ടെന്ന് പറയുന്നത് തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

Similar News