എഐ ക്യാമറ തന്നെയാണോ സ്ഥാപിച്ചിരിക്കുന്നത്?; കത്തുമായി രമേശ് ചെന്നിത്തല

Update: 2023-05-07 08:08 GMT

എ.ഐ. ക്യാമറയുടെ മറവിൽ നടന്നത് കേരളം കണ്ട ഏറ്റവും വലിയ കൊള്ളകളിലൊന്നാണെന്ന തുറന്ന കത്തുമായി രമേശ് ചെന്നിത്തല. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രതികരണം ആരേയും ആശ്ചര്യപ്പെടുത്തുന്നതെന്നും അദ്ദേഹം തുറന്ന കത്തിൽ പറയുന്നു.

'ട്രാഫിക് ലംഘനങ്ങൾ പിടികൂടാനെന്ന പേരിൽ സാധാരണക്കാരെ കൊള്ളയടിക്കാൻ ആവിഷ്‌കരിച്ച സേഫ് കേരള പദ്ധതിയിലെ അഴിമതിയെ തെളിവ് സഹിതം തുറന്നു കാട്ടിയിട്ടും മൗനം പാലിച്ചിരുന്ന മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നടത്തിയ പ്രതികരണം ആരേയും ആശ്ചര്യപ്പെടുത്തുന്നതാണ്. എല്ലാം ദുരാരോപണങ്ങളെന്ന് പറഞ്ഞ് തടിതപ്പാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. മുഖ്യമന്ത്രി ഇത്രയും ദുർബലമായി മുൻപൊന്നും പ്രതികരിച്ചു കണ്ടിട്ടില്ല. ഇടപാടിൽ സർക്കാരും കെൽട്രോണും ഒളിച്ചുവെച്ചിരുന്ന രേഖകൾ പുറത്തുകൊണ്ടുവരുന്നതെങ്ങനെ കെട്ടിച്ചമയ്ക്കലാകും'- ചെന്നിത്ത കത്തിൽ ചോദിച്ചു.

'ആരോപണങ്ങൾ ഉയരുമ്പോൾ മണിക്കൂറുകൾക്കുള്ളിൽ പത്രസമ്മേളനം നടത്തി വാചക കസർത്തു നടത്തി സ്വന്തക്കാരായ പത്രക്കാരെക്കൊണ്ട് ചോദ്യങ്ങൾ ചോദിപ്പിച്ച് മറുപടി പറയുന്ന മുഖ്യമന്ത്രിയുടെ ശൗര്യം ഇപ്പോൾ എവിടെ പോയി?. എ.ഐ. ക്യാമറയിലെ അഴിമതി പൊതുസമൂഹത്തിന് പകൽ പോലെ വ്യക്തമായതിനാലാണ് മുഖ്യമന്ത്രിക്ക് ഉത്തരം മുട്ടിയത്. സി.പി.എമ്മിന് തുടർഭരണം ലഭിച്ചതിന്റെ അഹന്തയാണ് ഇത്. കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്'- ത്രിപുരയിലേയും ബംഗാളിലേയും സ്ഥിതി ചൂണ്ടിക്കാട്ടിക്കൊണ്ട് ചെന്നിത്തല കത്തിൽ കുറിച്ചു. പദ്ധതിയുടെ അടിസ്ഥാനമായ ടെൻഡർ തന്നെ ഒത്തുകളിയും നിയമവിരുദ്ധവുമാണെന്ന് തെളിഞ്ഞ സാഹചര്യത്തിൽ അടിയന്തിരമായി ഇത് റദ്ദ് ചെയ്യണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

'പ്രാസാദിയോയ്ക്ക് പാർട്ടിയുമായി എന്താണെന്ന് വെളിപ്പെടുത്താൻ മുഖ്യമന്ത്രി തയ്യാറാണോ? ബന്ധുക്കളുമായി ഈ കമ്പനിക്ക് ബന്ധമില്ലെന്ന് പറയാൻ മുഖ്യമന്ത്രിക്കാകുമോ? കാര്യമായ ജോലിയൊന്നും ചെയ്യാതെ പദ്ധതിയിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ 60%-വും പ്രസാദിയോ കൈക്കലാക്കുന്നതിന്റെ ഗുട്ടൻസ് വിശദീകരിക്കാനവുമോ? അഞ്ചു വർഷം മുൻപ് മാത്രം രൂപീകരിച്ച പ്രസാദിയോക്ക് സർക്കാരിന്റെ കരാറുകളെല്ലാം കിട്ടുന്ന മറിമായം എങ്ങനെ സംഭവിച്ചു? പൊടുന്നനെ പ്രസാദിയോ എങ്ങനെ ഇത്രയും വളർന്നു വലുതായി? എ.ഐ ക്യാമറ പദ്ധതിയിൽ ആകെ ചിലവ് വേണ്ടി വരുന്ന 58 കോടി കഴിച്ചുള്ള തുക ആരുടെയൊക്കെ കീശയിലേക്കാണ് പോകുന്നത്? ഈ ചോദ്യങ്ങൾക്കെല്ലാം മറുപടി പറയാനുള്ള ബാധ്യത മുഖ്യമന്ത്രിക്കുണ്ട്. എല്ലാം കെട്ടിച്ചമച്ചതാണെന്നും അത് ഏശില്ലെന്നും പറഞ്ഞ് രക്ഷപ്പെടാം എന്ന് കരുതേണ്ടതില്ല.

പൊതു ജനങ്ങളുടെ പണമാണ് കൊള്ളയടിക്കപ്പെടുന്നത്. ഏറ്റവും ഒടുവിൽ ഒരു കാര്യത്തിലെങ്കിലും മുഖ്യമന്ത്രി മറുപടി പറയണം. ഇവിടെ വച്ചിരിക്കുന്ന ക്യാമറകൾ ശരിക്കും എ.ഐ ക്യാമറകളാണോ? അതോ അഴിമതി ക്യാമറകളോ? ഈ പദ്ധതിയിലെ ക്രമക്കേടുകളെക്കുറിച്ച് നേരത്തെ തന്നെ കിട്ടിയ പരാതിയിൽ നടപടി എടുക്കാതെ അതിന്മേൽ അടയിരുന്ന് എല്ലാത്തിനും ഒത്താശ ചെയ്തുകൊടുത്ത വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെക്കൊണ്ട് അന്വേഷണം നടത്തിക്കുന്നത് വലിയ തമാശയാണ്. ഇത്തരം പൊടിക്കൈകൾ കൊണ്ട് അഴിമതിയെ മൂടി വെയ്ക്കാമെന്ന് കരുതുന്നുണ്ടെങ്കിൽ തെറ്റിപ്പോയി എന്നേ പറയാനുള്ളൂ. ജനം എല്ലാം കാണുന്നുണ്ട് എന്ന് മുഖ്യമന്ത്രി ഓർക്കണമെന്ന് മാത്രം ഇപ്പോൾ പറയുന്നു'- ചെന്നിത്തല പറഞ്ഞു.

Tags:    

Similar News