ദേവഗൗഡയുടെ വെളിപ്പെടുത്തലോടെ ബി ജെ പി - പിണറായി അന്തർധാര മറനീക്കി പുറത്ത് വന്നതായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കൃഷ്ണൻകുട്ടി ഇപ്പോഴും മന്ത്രിസഭയിൽ തുടരുന്നത് ഈ വെളിപ്പെടുത്തൽ ശരിവയ്ക്കുന്നതു കൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.
'നിയമപ്രകാരം പാർട്ടി കേരള ഘടകം ഇപ്പോഴും ബി ജെ പി ഘടകക്ഷിയായ ജെ ഡി എസിന്റെ ഭാഗമാണ്. എന്നിട്ടും കൃഷ്ണൻകുട്ടിയെ മന്ത്രിസഭയിൽ തുടരാൻ അനുവദിക്കുന്നതിന്റെ ഗുട്ടൻസ് ഇപ്പോൾ എല്ലാ പേർക്കും മനസിലായി. രണ്ടാം പിണറായി സർക്കാർ യഥാർത്ഥത്തിൽ ബിജെപിയുടെ കുട്ടിയാണ് എന്ന് ഞാൻ പറഞ്ഞപ്പോൾ പിണറായി എന്നെ കളിയാക്കുകയായിരുന്നു. സ്വർണക്കടത്ത് കേസും ലാവലിൽ കേസുമെല്ലാം അട്ടിമറിച്ചത് ഈ ബന്ധം തന്നെയാണ്. കഴിഞ്ഞ തിരഞ്ഞടുപ്പിൽ ബി ജെ പി ഉയർത്തിയ കോൺഗ്രസ് മുക്ത ഭാരതമെന്ന ആശയത്താട് കേരളത്തിൽ പിണറായിയും സി പി എം കൈകോർക്കുകയായിരുന്നു.' ഗൗഡയുടെ വെളിപ്പെടുത്തലോട് കൂടി പിണറായുടെ പൊയ്മുഖം അഴിഞ്ഞ് വീണെന്നും ചെന്നിത്തല പറഞ്ഞു