സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന 'കേരളീയം' പരിപാടിക്കെതിരെ രമേശ് ചെന്നിത്തല
സംസ്ഥാന സർക്കാർ കേരളപ്പിറവിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന 'കേരളീയം' പരിപാടിക്കെതിരെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. നവംബർ ഒന്ന് മുതൽ ഏഴ് വരെ തിരുവനന്തപുരത്ത് നടക്കുന്ന കേരളീയം പരിപാടി ഒരു തട്ടിപ്പാണെന്നും പൊതുഖജനാവ് കൊള്ളയടിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.
സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. സ്കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണം കൊടുക്കാൻപോലും പണമില്ല. 5000 രൂപയിൽ കൂടുതൽ ട്രഷറിയിൽനിന്നു മാറിയെടുക്കാൻ കഴിയുന്നില്ല. സംസ്ഥാനം ഗുരുതരമായ സാമ്പത്തികത്തകർച്ച നേരിടുന്ന സമയത്ത് 27 കോടി 12 ലക്ഷം രൂപ മുടക്കി ഈ കേരളീയം നടത്തേണ്ട എന്താവശ്യമാണുള്ളതെന്നും രമേശ് ചെന്നിത്തല ചോദിച്ചു. ആർക്ക് വേണ്ടിയാണ് ഈ പരിപാടി നടത്തുന്നതെന്നു ചോദിച്ച ചെന്നിത്തല സി പി എം അനുകൂല സംഘടനകളെയും അവരുടെ സഹയാത്രികരെയും തീറ്റിപ്പോറ്റുന്നതിന് വേണ്ടിയാണ് ഈ മാമാങ്കമെന്നും കൂട്ടിച്ചേർത്തു.