'ഫണ്ടിൻറെ കാര്യത്തിൽ സുതാര്യത വേണം'; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ എല്ലാവരും സംഭാവന നൽകണമെന്ന് രമേശ് ചെന്നിത്തല

Update: 2024-08-06 07:28 GMT

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന നൽകണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വയനാടിനായി ചെലവഴിക്കുന്ന ഫണ്ടിൻറെ കാര്യത്തിൽ സുതാര്യത വേണം. ഇക്കാര്യത്തിൽ കെ സുധാകരനുമായി അഭിപ്രായ വ്യത്യാസമില്ലെന്നും ചെന്നിത്തല ഡൽഹിയിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. സുധാകരൻ തന്നെ ചെന്നിത്തലയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. അതിനിടയിലാണ് വീണ്ടും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്ന് ചെന്നിത്തല ആവർത്തിക്കുന്നത്.

വയനാട് ദുരന്തത്തിൽ സംസ്ഥാന സർക്കാരിന്റെ വീഴ്ച പറയാത്തത് കോൺഗ്രസിന്റെ രാഷ്ട്രീയ മൂല്യം കൊണ്ടെന്ന് കെ സുധാകരൻ പ്രതികരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം വകമാറ്റി ചെലവഴിക്കില്ലെന്ന ഉറപ്പ് മുഖ്യമന്ത്രി നൽകണം. ഷിരൂർ ദൗത്യത്തിൽ കർണ്ണാടക സർക്കാരിനെ സിപിഎം അനാവശ്യമായി പഴിച്ചു. ദുരന്ത മുഖത്ത് പോലും കൊടിയുടെ നിറം നോക്കിയാണ് സിപിഎം പ്രവർത്തിക്കുന്നത്. വരാൻ പോകുന്ന തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ ലാഭത്തെ കുറിച്ചാണ് മുഖ്യമന്ത്രി ചിന്തിക്കുന്നതെന്നും കെ സുധാകരൻ കുറ്റപ്പെടുത്തി. ഫെയ്സ്ബുക്കിലാണ് കെ സുധാകരൻ തന്റെ നിലപാട് അറിയിച്ചത്.

Tags:    

Similar News