സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് തിരുവനന്തപുരം, പത്തനംത്തിട്ട, ഇടുക്കി, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചു.
രണ്ട് ചക്രവാതചുഴിയും അറബികടലിലെ ന്യൂനമര്‍ദ്ദ സാധ്യതയുമാണ് സംസ്ഥാനത്ത് മഴ സാഹചര്യം ശക്തമാക്കിയത്.
തമിഴ്നാട് തീരത്തിന് മുകളിലും വടക്ക് കിഴക്കൻ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലും നിലനില്‍ക്കുന്ന ചക്രവാതച്ചുഴികളാണ് മഴക്ക് അനുകൂല സാധ്യതയൊരുക്കുന്നത്. അടുത്ത 48 മണിക്കൂറിനുള്ളില്‍ ചക്രവാതച്ചുഴി തെക്ക് കിഴക്കൻ അറബിക്കടലിനും മധ്യ കിഴക്കൻ അറബിക്കടലിനും മുകളിലായി ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കി. പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി ഒക്ടോബര്‍ 21ഓടെ വീണ്ടും ശക്തി പ്രാപിച്ച് മധ്യ അറബിക്കടലില്‍ തീവ്ര ന്യൂനമര്‍ദമായി മാറാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ നിരീക്ഷണം.
അങ്ങനെയെങ്കില്‍ അടുത്ത ആഴ്ച വരെ ശക്തമായ മഴ സാധ്യതയുണ്ടാകും. കേരളത്തില്‍ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മിതമായ / ഇടത്തരം മഴക്കുംഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ചൊവ്വാഴ്ച തിരുവനന്തപുരം, പത്തനംത്തിട്ട, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലര്‍ട്ട് പുറപ്പെടുവിച്ചു.
മലയോര മേഖലയില്‍ നിലവില്‍ ശക്തമായ മഴ ലഭിക്കുന്നുണ്ട്. മഴ തുടരുകയാണെങ്കില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍, താഴ്ന്ന പ്രദേശങ്ങളിലും നഗരങ്ങളിലും വെള്ളക്കെട്ട് എന്നിവയുണ്ടാകാൻ സാധ്യതയുണ്ട്. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.