സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂരും കാസർകോഡും ഒഴികെ 8 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. നാളെയും നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കൂടാതെ നാളെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. നെയ്യാർ, വാമനപുരം നദിയിൽ യെല്ലോ അലർട്ടും കരമന നദിയിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി വ്യാപക മഴ തുടരും.
കരമന നദിയിലെ (തിരുവനന്തപുരം) വെള്ളകടവ് സ്റ്റേഷൻ ഇന്ന് ഓറഞ്ച് അലർട്ടും നെയ്യാർ നദിയിലെ (തിരുവനന്തപുരം) അരുവിപ്പുറം സ്റ്റേഷൻ, വാമനപുരം നദിയിലെ (തിരുവനന്തപുരം) അയിലം സ്റ്റേഷൻ എന്നിവിടങ്ങളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിരിക്കുന്നതിനാൽ തീരത്തോട് തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണെന്ന് കേന്ദ്ര ജല കമ്മീഷൻ (CWC) അറിയിച്ചു. അറബിക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദം കൂടുതൽ ശക്തി പ്രാപിക്കുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിപ്പിൽ പറയുന്നു.
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നിലവിൽ തെക്കൻ തമിഴ്നാടിനു മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. തെക്ക് - കിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായായാണ് ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നത്. ഒക്ടോബർ 17 ഓടെ ചക്രവാതച്ചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപ്പിക്കാനുള്ള സാധ്യതയാണ് കണക്കാക്കുന്നത്.