തിരുവനന്തപുരം റെയിൽവേ ഡിവിഷന്റെ കീഴിൽ സർവീസ് നടത്തുന്ന എല്ലാ പാസഞ്ചർ തീവണ്ടികളും മെമു (മെയിൻ ലൈൻ ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ്) ആക്കാനുള്ള നടപടികൾ വേഗത്തിലാക്കി ദക്ഷിണ റെയിൽവേ. ഇത് നടപ്പായാൽ ജനങ്ങളുടെ രാവിലെയും വൈകീട്ടുമുള്ള യാത്രാദുരിതത്തിന് പരിഹാരമാകും. മുൻപെങ്ങുമില്ലാത്ത യാത്രാ തിരക്കാണ് പാസഞ്ചർ തീവണ്ടികളിൽ ഇപ്പോഴുള്ളത്.
ദേശീയപാത വികസനം നടക്കുന്നതിനാൽ ഗതാഗതക്കുരുക്കിൽനിന്ന് രക്ഷപ്പെടാൻ നിരവധി പേർ െട്രയിനിനെ ആശ്രയിക്കുകയാണ് എന്നതാണ് കാരണം. യാത്രക്കാരുടെ എണ്ണത്തിലുള്ള വർധന സംബന്ധിച്ച് റെയിൽവേ പഠനം നടത്തിയിരുന്നു. സംസ്ഥാനത്ത് 20 പാസഞ്ചർ ട്രെയിനുകളാണ് സർവീസ് നടത്തുന്നത്. പാസഞ്ചർ ട്രെയിനുകൾ മെമു ആക്കുന്നതിനുള്ള തീരുമാനം 2019-ൽ തന്നെ തിരുവനന്തപുരം ഡിവിഷൻ പ്രഖ്യാപിച്ചതാണ്.
മെമു ട്രെയിനുകൾ പരിശോധിക്കാനും അറ്റകുറ്റപ്പണിക്കുമായി തിരുവനന്തപുരം ഡിവിഷന്റെ ഏക കേന്ദ്രമായ കൊല്ലം മെമു ഷെഡ്ഡ് വികസിപ്പിക്കുന്നതിന് റെയിൽവേ നീക്കം ആരംഭിച്ചിരുന്നു.മെമു ഷെഡ്ഡ് വികസനത്തിന് റെയിൽവേ കരാറായി. പാലക്കാട് ഡിവിഷനിലെ ഒലവക്കോട് മെമു യാർഡിലും നവീകരണം നടക്കുന്നുണ്ട്.