'അഹങ്കാരത്തിൻ്റെ സ്വരം; ലീഡറെ വലിച്ചിഴച്ചത് ശരിയായില്ല': കെപിസിസി യോഗത്തിൽ രാഹുൽ മാങ്കൂട്ടത്തിന് വിമർശനം
കെപിസിസി നേതൃയോഗത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കടുത്ത വിമർശനം. പത്മജയ്‌ക്കെതിരായ ആക്ഷേപത്തിനെതിരെയാണ് വിമർശനം ഉയർന്നത്.
രാഹുലിൻ്റേത് അഹങ്കാരത്തിൻ്റെ സ്വരമെന്ന് ശൂരനാട് രാജശേഖരൻ കുറ്റപ്പെടുത്തി. പത്മജ പാർട്ടി വിട്ടതിനെ ന്യായീകരിക്കുന്നില്ല. പക്ഷെ അതിനോടുള്ള വിമർശനത്തിൽ ലീഡർ കരുണാകരൻ്റെ പേര് വലിച്ചിഴച്ചത് ശരിയായില്ലെന്നും ശൂരനാട് രാജശേഖരൻ വിമർശിച്ചു.
വിഷയങ്ങൾ നേരത്തെ സംസാരിച്ച് തീർത്തതാണെന്നും ഈ വിഷയത്തിൽ കൂടുതൽ ചർച്ച വേണ്ടെന്നുമുള്ള നിലപാടാണ് കെപിസിസി അദ്ധ്യക്ഷൻ്റെ താൽക്കാലിക ചുമതല വഹിക്കുന്ന എം എം ഹസൻ സ്വീകരിച്ചത്.
'കേരള സമൂഹം പത്മജയെ വിശേഷിപ്പിക്കുന്നത് എന്താണ്, തന്തയ്ക്ക് പിറന്ന മകൾ എന്നാണോ, തന്തയെ കൊന്ന സന്താനം എന്നാണോ' എന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പ്രതികരണം.
കെ കരുണാകരൻ എന്ത് പാതകം ആണ് പത്മജയോട് ചെയ്തതെന്നും രാഹുൽ ചോദിച്ചിരുന്നു. രാഹുലിൻ്റെ പ്രതികരണത്തെ മുൻ പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല മാത്രമാണ് പരസ്യമായി തള്ളിപ്പറഞ്ഞത്.