അറസ്റ്റിലായ യൂത്ത് കോൺഗ്രസുകാരുമായി അടുത്ത ബന്ധം, കുറ്റവാളികളാണെങ്കിൽ തള്ളിപ്പറയും: രാഹുൽ മാങ്കൂട്ടത്തിൽ

Update: 2023-11-23 05:53 GMT

വ്യാജ തിരഞ്ഞെടുപ്പ് ഐഡി ഉപയോഗിച്ച കേസിൽ അറസ്റ്റ് ചെയ്ത യൂത്ത് കോൺഗ്രസ് പ്രവർത്തകരുമായി അടുത്ത ബന്ധമുണ്ടെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. അവർ കുറ്റവാളികളാണെങ്കിൽ തള്ളിപ്പറയുമെന്നും രാഹുൽ വ്യക്തമാക്കി. അവർ തന്റെ കാറിൽ സഞ്ചരിച്ചിരുന്ന സമയത്ത് അവർക്കെതിരെ കേരളാ പൊലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്നും രാഹുൽ ചോദിച്ചു. 

''എന്റെ വാഹനം ഈ നാട്ടിലെ എല്ലാ യൂത്ത് കോൺഗ്രസുകാർക്കും വേണ്ടിയുള്ള വാഹനമാണ്. ആ വാഹനത്തിൽ ഏത് യൂത്ത് കോൺഗ്രസുകാരും കയറും. എന്നാൽ അവരെ പൊലീസ് കുറ്റവാളികളായി കണ്ടെത്തിയിട്ടുണ്ടായിരുന്നെങ്കിൽ അത്തരത്തിലൊരു സംഭവം ഉണ്ടാകില്ല. എന്റെ കാറിൽ സഞ്ചരിച്ച സമയത്ത് അവർക്കെതിരെ ഏതെങ്കിലും തരത്തിലുള്ള കേസുണ്ടായിരുന്നോ എന്ന് പറയാൻ കേരളാ പൊലീസിനെ ഞാൻ വെല്ലുവിളിക്കുകയാണ്'' രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. 

മുഖ്യമന്ത്രി പറയുന്നതു പോലെ 'എനക്കറിയില്ല' എന്നൊന്നുമല്ല താൻ പറയുന്നതെന്നും രാഹുൽ മാങ്കൂട്ടത്തിൽ കൂട്ടിച്ചേർത്തു. ''കേരളത്തിലെ എല്ലാ യൂത്ത് കോൺഗ്രസുകാരെയും പോലെ അവരുമായും എനിക്ക് അടുത്ത സൗഹൃദമുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട് അവർക്ക് ഇന്നലെ ഇടക്കാല ജാമ്യം അനുവദിച്ചിട്ടുണ്ട്. അവർ കുറ്റവാളികളാണെന്നു തെളിഞ്ഞാൽ നിർബന്ധമായും തള്ളിപ്പറയും. ഒരു കുറ്റവാളികളെയും ചേർത്തു പിടിക്കുന്ന പാരമ്പര്യം കോൺഗ്രസ് പ്രസ്ഥാനത്തിനില്ല'' രാഹുൽ പറഞ്ഞു.

Tags:    

Similar News