വോട്ടർമാർക്ക് നന്ദിപറയാനായി രാഹുൽ ഗാന്ധി വയനാട് മണ്ഡലത്തിലെത്തി. മണ്ഡലത്തിൽ ഉൾപ്പെട്ട മലപ്പുറം ജില്ലയിലെ എടവണ്ണയിലെത്തിയ രാഹുൽ ഗാന്ധിക്ക് വൻ സ്വീകരണമാണ് പ്രവർത്തകർ ഒരുക്കിയത്. പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പമുണ്ടാകുമെന്ന് നേരത്തെ വാർത്തകൾ ഉണ്ടായിരുന്നെങ്കിലും രാഹുൽ ഒറ്റയ്ക്കാണ് എത്തിയത്.
വലിയ ജനാവലിയുടെ അകമ്പടിയോടെ നടന്ന റോഡ് ഷോയിൽ തുറന്ന ജീപ്പിൽ ജനങ്ങൾക്ക് അഭിവാദ്യം അർപ്പിച്ചുകൊണ്ടായിരുന്നു രാഹുൽ ഗാന്ധി വേദിയിലേക്കെത്തിയത്. കെ.സി. വേണുഗോപാൽ, വിഡി സതീശൻ ഉൾപ്പെടെയുള്ള നേതാക്കൾ രാഹുലിനൊപ്പമുണ്ട്. മുസ്ലീം ലീഗിന്റെയും കെ.എസ്.യുവിന്റെയും എംഎസ്എഫിന്റെയും ഉൾപ്പെടെ കൊടികളുടെ അകമ്പടിയോടെയാണ് സ്വീകരണം ഒരുക്കിയത്.
രാഹുൽ ഗാന്ധി വയനാട്ടിൽത്തന്നെ എംപിയായി തുടരുമോ എന്ന ആകാംക്ഷ നിലനിൽക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ സന്ദർശനം. റായ്ബറേലിയിൽ തുടരണമെന്നാണ് ഇന്ത്യമുന്നണിയുടേയും എ.ഐ.സി.സിയുടേയും അഭിപ്രായമെങ്കിലും രാഹുൽഗാന്ധി ഇതുവരെ മനസ്സുതുറന്നിട്ടില്ല. അദ്ദേഹത്തിന് വയനാട്ടിൽ തുടരാനാണ് താത്പര്യമെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. വയനാടിനോടുള്ള അദ്ദേഹത്തിന്റെ വൈകാരിക അടുപ്പംതന്നെയാണ് കാരണം.
എം.പി.സ്ഥാനത്തുനിന്ന് അയോഗ്യനായ അവസരത്തിലും ഒപ്പംനിന്ന വയനാട്ടുകാരെ ഒഴിവാക്കാനാവില്ലെന്നാണ് നേതാക്കൾ പറയുന്നത്. പക്ഷേ, യു.പി.യിൽ എൻ.ഡി.എ. മുന്നേറ്റമുണ്ടാക്കിയ സാഹചര്യത്തിൽ രാഹുൽ റായ്ബറേലിയിൽതന്നെ തുടരാൻ നിർബന്ധിതനാവും. ഏതു മണ്ഡലമാണെന്ന കാര്യത്തിൽ 17-നകം അന്തിമതീരുമാനമെടുക്കണം.