രാഹുല്‍ ഗാന്ധിയ്ക്ക് മുഖ്യമന്ത്രിയുടെ നാലിരിട്ടി സെക്യൂരിറ്റിയുണ്ട്: വി.എന്‍ വാസവന്‍

Update: 2023-02-21 12:12 GMT

മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ വര്‍ധിപ്പിച്ചതിനെ ന്യായീകരിച്ച് സഹകരണമന്ത്രി വി.എന്‍. വാസവന്‍. രാഹുല്‍ ഗാന്ധിയ്ക്ക് ഇതിന്റെ നാലിരട്ടി സെക്യൂരിറ്റിയുള്ളപ്പോള്‍ പ്രശ്‌നമില്ലാത്തവരാണ് മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരില്‍ ബഹളമുണ്ടാക്കുന്നത്. കറുപ്പിനോട് വിരോധമില്ലെന്നും എറണാകുളം പ്രസ്സ് ക്ലബ്ബില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ വി.എന്‍. വാസവന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ സുരക്ഷാവ്യൂഹത്തിലെ വാഹനങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചതും സഞ്ചരിക്കുന്ന മേഖലകളില്‍ പൊതുജനങ്ങളുടെ സഞ്ചാരം തടസ്സപ്പെടുത്തിയതും വിവാദമായിരുന്നു. മുഖ്യമന്ത്രിയുടെ യാത്രയുടെ പേരില്‍, മകന് മരുന്ന് വാങ്ങാന്‍ പോയ അച്ഛനെ പോലീസ് തടഞ്ഞത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

'ജനങ്ങള്‍ക്ക് ഒരു പരാതിയും ഇല്ലെന്ന് പറയുന്നില്ല,' മന്ത്രി പറഞ്ഞു. 'പക്ഷേ, മുഖ്യമന്ത്രിയുടെ സുരക്ഷ പ്രധാനമാണ്. മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടല്ല സുരക്ഷയൊരുക്കുന്നത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് പ്രോട്ടോകോള്‍ ഓഫീസറാണ് അത് തീരുമാനിക്കുന്നത്. ഇപ്പോള്‍ സുരക്ഷയുടെ പേരില്‍ വിവാദമുണ്ടാക്കുന്നവര്‍ മുഖ്യമന്ത്രിയ്ക്ക് എന്തെങ്കിലും അക്രമം നേരിട്ടാല്‍ ഇതാകില്ല പറയുക. സ്വന്തം സുരക്ഷ നോക്കാനാകാത്ത മുഖ്യമന്ത്രി ജനങ്ങളെ എങ്ങനെ രക്ഷിക്കുമെന്നാകും ചോദ്യം', വാസവൻ പറഞ്ഞു.

കരിങ്കൊടി കാണിക്കലും പ്രതിഷേധപ്രകടനവും ജനാധിപത്യത്തിന്റെ ഭാഗമാണ്. എന്നാല്‍, മുമ്പത്തെ പോലെയല്ല ഇപ്പോള്‍ കാര്യങ്ങള്‍. വിമാനത്തിനുള്ളില്‍ വരെ മുഖ്യമന്ത്രിയ്ക്ക് നേരെ ആക്രമണശ്രമമുണ്ടായി. മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങുകളില്‍ കറുപ്പിന് വിലക്കുണ്ടെന്നത് മാധ്യമസൃഷ്ടി മാത്രമാണെന്നും വി.എന്‍. വാസവന്‍ കൂട്ടിച്ചേര്‍ത്തു.

Similar News