വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ റാഗിങ് ; രണ്ട് വിദ്യാർത്ഥികളുടെ സസ്പെൻഷൻ ഹൈക്കോടതി സ്റ്റേ ചെയ്തു
വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ റാഗിങ്ങിന്റെ പേരിൽ പുറത്താക്കിയ രണ്ട് വിദ്യാർഥികളുടെ സസ്‌പെൻഷൻ ഹൈക്കോടതി സ്റ്റേ ചെയ്തു. 2023ലെ റാഗിങ്ങിൽ സിദ്ധാർഥന്റെ മരണത്തിന് പിന്നാലെയാണ് ഇവർക്കെതിരെയും നടപടിയെടുത്തത്. നാലാംവർഷ വിദ്യാർഥികളായ അമരേഷ് ബാലിയും അജിത് അരവിന്ദാക്ഷനുമാണ് സസ്‌പെൻഷൻ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
സിദ്ധാർഥന്റെ മരണത്തിന് പിന്നാലെയാണ് 2023ൽ നടന്ന സംഭവത്തിന്റെ പേരിൽ പരാതിക്കാരായ വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്തത്. ഇവർക്കെതിരെ പരാതി നൽകിയ വിദ്യാർഥി പിന്നീട് പരാതി പിൻവലിക്കുകയും ചെയ്തിരുന്നു. സിദ്ധാർഥന്റെ മരണത്തിന് ഉത്തരവാദികളായവരെ സസ്‌പെൻഡ് ചെയ്തതിനൊപ്പം തങ്ങളെയും സസ്‌പെൻഡ് ചെയ്തത് ഗൂഢാലോചനയുടെ ഭാഗമാണെന്നായിരുന്നു വിദ്യാർഥികളുടെ വാദം.