പ്രതിപക്ഷ നേതാവ് വിഡി സതീശന് എതിരായ പി.വി അൻവർ എംഎൽഎയുടെ അഴിമതി ആരോപണം ; തെളിവ് ആവശ്യപ്പെട്ട് കോടതി

Update: 2024-03-26 08:05 GMT

പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ പി.വി അൻവർ എം.എൽ.എ ഉയർത്തിയ 150 കോടിയുടെ അഴിമതിയാരോപണത്തിൽ തെളിവ് ആവശ്യപ്പെട്ട് കോടതി. ആരോപണത്തിൽ സ്വീകരിച്ച നടപടി അറിയിക്കാൻ വിജിലൻസിനു നിർദേശം നൽകി. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഉത്തരവിറക്കിയത്. ആരോപണത്തിനു കൃത്യമായ തെളിവ് വേണമെന്നും വെറുതെ ആരോപണം ഉന്നയിച്ചിട്ട് കാര്യമില്ലെന്നും കോടതി വ്യക്തമാക്കി.

സംസ്ഥാന സർക്കാരിന്റെ കെ-റെയിൽ പദ്ധതി അട്ടിമറിക്കാൻ പ്രതിപക്ഷ നേതാവ് 150 കോടി രൂപ വാങ്ങിയെന്നായിരുന്നു പി.വി അൻവർ നിയമസഭയിൽ ആരോപിച്ചത്. ആരോപണത്തിൽ സതീശനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ കോൺഗ്രസ് എം നേതാവ് എ.എച്ച് ഹഫീസ് വിജിലൻസ് കോടതിയെ സമീപിക്കുകയായിരുന്നു. നേരത്തെ കേസിൽ പ്രാഥമികാന്വേഷണത്തിന് വിജിലൻസ് ഡയറക്ടർ ഉത്തരവിട്ടിരുന്നെങ്കിലും ഇത് പോരെന്ന് ചൂണ്ടിക്കാട്ടിയാണ് ഹഫീസ് ഹർജി നൽകിയത്.

ഹർജി പരിഗണിച്ച കോടതി പരാതിയിന്മേൽ സ്വീകരിച്ച നടപടി അറിയിക്കാൻ വിജിലൻസിന് നിർദേശം നൽകുകയായിരുന്നു. ആരോപണത്തിന് വ്യക്തമായ തെളിവ് വേണമെന്ന് കോടതി ചൂണ്ടിക്കാട്ടി. വെറുതെ ആരോപണം ഉന്നയിച്ചിട്ട് കാര്യമില്ല. ലഭിച്ച പരാതിയുടെ നിജസ്ഥിതി അറിയിക്കണമെന്നും വിജിലൻസിനോട് കോടതി നിർദേശിച്ചിട്ടുണ്ട്. ഹർജി ഏപ്രിൽ ഒന്നിനു കോടതി വീണ്ടും പരിഗണിക്കും.

Tags:    

Similar News