എന്റെ ഉത്തരവാദിത്തം തീർന്നു, ഇനി എല്ലാം മുഖ്യമന്ത്രിയും പാർട്ടിയും തീരുമാനിക്കും: പി വി അൻവർ

Update: 2024-09-03 08:29 GMT

മുഖ്യമന്ത്രിയെ കാണുകയും വിശദമായ കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തുകയും പ്രധാന കാര്യങ്ങൾ എഴുതികൊടുക്കുകയും ചെയ്തതായി പി വി അൻവർ എംഎൽഎ. മുഖ്യമന്ത്രിയെ കണ്ട ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അൻവർ. മുഖ്യമന്ത്രിക്ക് നൽകിയ പരാതി പാർട്ടി സെക്രട്ടറി എം വി ഗോവിന്ദനും നൽകുമെന്നും ഇതോടെ തന്നെ ഉത്തരവാദിത്തം തീരുന്നുവെന്നും അൻവർ പറഞ്ഞു. ബാക്കിയെല്ലാം മുഖ്യമന്ത്രിയും പാർട്ടിയും തീരുമാനിക്കട്ടെ എന്നും അൻവർ പ്രതികരിച്ചു.

ഒരു സഖാവ് എന്ന നിലയിലാണ് ഉത്തരവാദിത്തം ഏറ്റെടുത്തത്. എന്റെ ഉത്തരവാദിത്തം അവസാനിക്കുന്നു. അന്വേഷണ ഏജൻസികളുമായി സഹകരിക്കുക എന്നതാണ് ഇനിയെന്നും അൻവർ പറഞ്ഞു. കാര്യങ്ങൾ ചൂണ്ടിക്കാണിക്കുകയാണ് ചെയ്തത്. അജിത് കുമാറിനെ മാറ്റുക എന്റെ ഉത്തരവാദിത്തം അല്ല. ആരെ മാറ്റണം എന്നു മുഖ്യമന്ത്രി തീരുമാനിക്കട്ടെ. പരാതി നോക്കിയേ ഉള്ളൂ, ആര് മാറണം എന്നു എനിക്ക് പറയാനാകില്ലെന്നും അൻവർ പറഞ്ഞു. പൊലീസിലെ ഒരു വിഭാഗം സർക്കാരിന് നാണക്കേട് ഉണ്ടാക്കിയിട്ടുണ്ട്. അതാണ് ചൂണ്ടിക്കാണിച്ചത്. പുഴുക്കുത്തുകൾ തുറന്നു കാണിച്ചു. എഡിജിപിയെ മാറ്റുമെന്നാണ് പ്രതീക്ഷ. സഖാവെന്ന ദൗത്യം നിറവേറ്റി. ജോലി തീർന്നു. ഇനി നടപടി എടുക്കേണ്ടത് സർക്കാരാണ്. മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കും പരാതി എഴുതി നൽകി. തെളിവുകൾ ഒന്നും കൈമാറിയില്ലെന്നും അൻവർ പറഞ്ഞു. ഡിജിപിയെ മാറ്റി നിർത്തലൊന്നും അജണ്ടയിലില്ലെന്നും ഇനി എല്ലാം മുഖ്യമന്ത്രിയും സർക്കാരും നോക്കട്ടെയെന്നും അൻവർ പറഞ്ഞു. അതേസമയം, പി ശശിക്ക് എതിരായ ആരോപണത്തിൽ ഉറച്ച് നിൽക്കുന്നോ എന്ന് ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് മൗനമായിരുന്നു മറുപടി. ലാൽ സലാം എന്ന് ആവർത്തിച്ച് പറഞ്ഞാണ് അൻവർ ക്യാമറകൾക്ക് മുന്നിൽ നിന്ന് പോയത്. 

അതിനിടെ ഡിജിപി എംആർ അജിത് കുമാറിനെതിരായ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് സർക്കാർ ഉത്തരവിറക്കി. ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് ആരോപണങ്ങൾ അന്വേഷിക്കും. എന്നാൽ, എഡിജിപിക്കെതിരായ അന്വേഷണത്തിന് അദ്ദേഹത്തിന് താഴെ റാങ്കിലുള്ള ഉദ്യോഗസ്ഥരും ഉൾപ്പെട്ടിട്ടുണ്ട്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയും ആരോപണ വിധേയനായ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയും തൽസ്ഥാനത്ത് ഇരിക്കെയാണ് ഇവർക്ക് കീഴിലുള്ള ഉദ്യോഗസ്ഥർ അടങ്ങിയ സംഘത്തിന് അന്വേഷണ ചുമതല നൽകിയത് സർക്കാരിന്റെ ഇരട്ടതാപ്പെന്നാണ് പ്രതിപക്ഷം പറയുന്നത്

Tags:    

Similar News