പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; ചാണ്ടി ഉമ്മൻ കോൺഗ്രസ് സ്ഥാനാർത്ഥി, സിപിഐഎമ്മിന്റേയും ബിജെപിയുടേയും സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ

Update: 2023-08-08 14:30 GMT

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന്‍ യുഡിഎഫ് സ്ഥാനാര്‍ഥി. കെപിസിസി പ്രസിഡന്റ് കെ.സുധാകരനാണ് ഡല്‍ഹിയില്‍ വച്ച് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത് . ഇലക്ഷന്‍ പ്രഖ്യാപിച്ച് മൂന്നുമണിക്കൂറിനകമാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടായത്. ഒരു പേരുമാത്രമാണ് പാർട്ടിയിൽ ഉയർന്ന് വന്നതെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിക്കു പകരം മറ്റൊരു സ്ഥാനാര്‍ഥിയെ സങ്കല്‍പിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ഏല്‍പിച്ചത് വലിയ ഉത്തരവാദിത്തമെന്നായിരുന്നു ചാണ്ടി ഉമ്മന്‍ പ്രതികരണം

അതേസമയം, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ റജി സഖറിയ, കെ.എം.രാധാകൃഷ്ണൻ, ജില്ലാ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അംഗവുമായ ജെയ്ക് സി.തോമസ് എന്നിവരാണ് സിപിഎമ്മിന്റെ പരിഗണനയില്‍. റജി സഖറിയ 1996ലും ജെയ്ക് സി.തോമസ് 2021ലും ഉമ്മൻ ചാണ്ടിക്കെതിരെ മല്‍സരിച്ചവരാണ്. കർഷക സംഘത്തിന്റെ സംസ്ഥാന ജോയിന്റ് സെക്രട്ടറി കൂടിയാണ് കെ.എം.രാധാകൃഷ്ണൻ.

ഉമ്മന്‍ചാണ്ടിയുടെ മരണം മൂലം ഒഴിവുന്ന പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ സെപ്റ്റംബര്‍ 5നാണ് വോട്ടെടുപ്പ്. സെപ്റ്റംബര്‍ 8ന് വോട്ടെണ്ണലും നടക്കും. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി ഈ മാസം 17നാണ്. 18ന് സൂക്ഷമപരിശോധന നടക്കും. ഓഗസ്റ്റ് 21വരെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ അവസരമുണ്ടാകും. പുതുപ്പള്ളി ഉള്‍പ്പെടെ ആറ് സംസ്ഥാനങ്ങളിലെ ഏഴ് നിയമസഭാ സീറ്റുകളിലേയ്ക്കാണ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. യുപിയിലെ ഘോസി, തൃപുരയിലെ ധന്‍പുരും ബോക്സാനഗറും ഉത്തരാഖണ്ഡിലെ ബാഗേശ്വര്‍, ബംഗാളിലെ ധുപ്ഗുഡി, ജാര്‍ഖണ്ഡിലെ ദുമ്റി എന്നീ മണ്ഡലങ്ങളിലേയ്ക്കും ഉപതിരഞ്ഞെടുപ്പ് നടക്കും. കേന്ദ്രമന്ത്രി പ്രതിമ ഭൗമിക് രാജിവച്ച ധന്‍പുര്‍, സമാജ്‍വാദി പാര്‍ട്ടി എംപി ധാരാ സിങ് ചൗഹാന്‍ ബിജെപി ചേര്‍ന്നതോടെ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയ ഘോസിയിലെയും പോരാട്ടം ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ളതാണ്.   

Tags:    

Similar News