സ്കൂൾ കായിക മേളയ്ക്കിടെയുണ്ടായ പ്രതിഷേധം ; അധ്യാപകർ ഖേദം പ്രകടിപ്പിച്ചു , സ്കൂളുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കും
സ്കൂൾ കായികമേളയിൽ പ്രതിഷേധിച്ച രണ്ട് സ്കൂളുകളുടെയും വിലക്ക് നീക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. രണ്ട് സ്‌കൂളുകളിലെയും അധ്യാപകർ അന്വേഷണ കമ്മീഷന് മുന്നിൽ തെറ്റ് സമ്മതിക്കുകയും ഖേദ പ്രകടനം നടത്തുകയും ചെയ്തു. വിലക്ക് പിൻവലിക്കണം എന്ന അപേക്ഷ സ്കൂൾ അധികൃതർ നൽകിയിരുന്നുവെന്നും മന്ത്രി പറഞ്ഞു. കുട്ടികളുടെ ഭാവിയെ ബാധിക്കുന്ന നടപടികളെടുക്കില്ലെന്നും മന്ത്രി അറിയിച്ചു.
എറണാകുളത്തു നടന്ന സംസ്ഥാന സ്കൂൾ കായികമേളയുടെ സമാപന വേദിയിലായിരുന്നു തിരുന്നാവായ നാവാമുകുന്ദ സ്കൂളും കോതമംഗലം മാർബേസിൽ സ്കൂളും പ്രതിഷേധിച്ചത്. കായികമേളയിൽ തിരുവനന്തപുരം ജിവിരാജ സ്പോർട്സ് സ്കൂളിന് രണ്ടാം സ്ഥാനം നൽകിയതിനെതിരെയായിരുന്നു പ്രതിഷേധം. ഈ സംഭവത്തിലായിരുന്നു സ്കൂളുകളെ ഒരു വർഷത്തേക്ക് വിലക്കിയത്.
വിദ്യാഭ്യാസ വകുപ്പിൻ്റെ നടപടിക്കെതിരെ വൻ പ്രതിഷേധം ഉയർന്നിരുന്നു. അധ്യാപകസംഘടനകൾ നടപടിയിൽ എതിർപ്പുമായി രംഗത്തെത്തിയിരുന്നു. സംഭവത്തിൽ പ്രതിപക്ഷനേതാവ് വി.ഡി സതീശൻ കത്തയക്കുകയും ചെയ്തിരുന്നു.