പ്രിയങ്കാഗാന്ധി ഇന്ന് വയനാട്ടിലെത്തും; രണ്ടുദിവസത്തെ പ്രചാരണം

Update: 2024-10-28 04:00 GMT

വയനാട് ഉപതെരഞ്ഞെടുപ്പിൽ പ്രചാരണത്തിനായി യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും. പ്രചാരണത്തിന്റെ ഭാഗമായി പ്രിയങ്ക രണ്ടു ദിവസം മണ്ഡലത്തിലുണ്ടാകും. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് സുൽത്താൻ ബത്തേരി നിയോജകമണ്ഡലത്തിലെ മീനങ്ങാടിയിലും മൂന്ന് മണിക്ക് മാനന്തവാടി നിയോജകമണ്ഡലത്തിലെ പനമരത്തും പ്രിയങ്ക പൊതു യോഗങ്ങളിൽ സംസാരിക്കും.

ചൊവ്വാഴ്ച രാവിലെ പത്ത് മണിക്ക് തിരുവമ്പാടി നിയോജകമണ്ഡലത്തിലെ ഈങ്ങാപ്പുഴ, ഉച്ചയ്ക്ക് രണ്ടു മണിക്ക് ഏറനാട് നിയോജകമണ്ഡലത്തിലെ തെരട്ടമ്മൽ മൂന്നരയ്ക്ക് വണ്ടൂർ നിയോജകമണ്ഡലത്തിലെ മമ്പാട്, വൈകിട്ട് അഞ്ചു മണിക്ക് നിലമ്പൂർ നിയോജകമണ്ഡലത്തിലെ ചുങ്കത്തറ എന്നിവിടങ്ങളിലെ യോഗങ്ങളിലും പ്രിയങ്ക പങ്കെടുക്കുമെന്ന് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ എ പി അനിൽ കുമാർ അറിയിച്ചു.

കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ എല്ലാ നിയോജകമണ്ഡലം കൺവെൻഷനുകളും പഞ്ചായത്ത് തല കൺവെൻഷനുകളും യുഡിഎഫ് പൂർത്തിയാക്കിയിരുന്നു. രാജ്യത്തെ കോൺഗ്രസ് മുഖ്യമന്ത്രിമാരും മുതിർന്ന പ്രവർത്തകരുമാണ് പ്രിയങ്കയ്ക്ക് വേണ്ടി വോട്ടഭ്യർത്ഥിച്ച് മണ്ഡലത്തിൽ എത്തുന്നത്. സിപിഐയിലെ സത്യൻ മൊകേരി, ബിജെപിയിലെ നവ്യ ഹരിദാസ് എന്നിവരാണ് പ്രിയങ്കയുടെ പ്രധാന എതിരാളികൾ.

Tags:    

Similar News