കന്നിയങ്കത്തിന് പ്രിയങ്ക ഇന്ന് വയനാട്ടിൽ

Update: 2024-10-22 00:53 GMT

കന്നിയങ്കത്തിന്റെ പ്രചാരണത്തിന് തുടക്കം കുറിക്കാൻ പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിൽ എത്തും. രാഹുൽ ഗാന്ധിക്കൊപ്പം വൈകീട്ടോടെ പ്രിയങ്ക മണ്ഡലത്തിലെത്തും. മൈസൂരിൽ നിന്ന് റോഡ് മാർഗമാണ് ഇരുവരും ബത്തേരിയിൽ എത്തുക. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന നാളെ സോണിയ ഗാന്ധിയും കോൺഗ്രസ്‌ അധ്യക്ഷൻ മല്ലികാർജുൻ ഖർഗയും എത്തും.

രണ്ട് കിലോമീറ്റ‍ർ റോഡ്ഷോയോടെയാവും പ്രിയങ്കയുടെ പത്രികാസമർപ്പണം. പരമാവധി പ്രവർത്തകരെ സംഘടിപ്പിച്ച് നാളത്തെ റോഡ് ഷോ വൻവിജയമാകാനുള്ള ഒരുക്കത്തിലാണ് കോൺഗ്രസ്. വയനാട്ടിലെ ഉപതെരഞ്ഞെടുപ്പ് ആവേശം രാജ്യതലസ്ഥാനത്തുമെത്തി. ഡൽഹിയിൽ പലയിടങ്ങളിലായി പ്രിയങ്ക ഗാന്ധിയുടെ നൂറുകണക്കിന് പോസ്റ്ററുകൾ പതിച്ചു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും പ്രചാരണത്തിനായി നിരവധി പ്രവർത്തകരും ഉടൻ വയനാട്ടിലേക്ക് തിരിക്കും.

അതേസമയം പ്രിയങ്കഗാന്ധിയുടെ മല്‍സരത്തിന്‍റെ പേരു പറഞ്ഞ് നേതാക്കള്‍ കൂട്ടത്തോടെ ചുരം കയറാതിരിക്കാന്‍ കോണ്‍ഗ്രസിന്‍റെ മുന്നൊരുക്കം. ചേലക്കരയിലും പാലക്കാടും തിരഞ്ഞെടുപ്പ് ചുമതലയുളള നേതാക്കള്‍ അനാവശ്യമായി വയനാടിന് വണ്ടി കയറരുതെന്ന് കെപിസിസി കര്‍ശന നിര്‍ദേശം നല്‍കി. പാലക്കാട്ടെയും ചേലക്കരയിലെയും തെരഞ്ഞെടുപ്പ് നിരീക്ഷണത്തിന് മുതിര്‍ന്ന നേതാക്കളെ ചുമതലപ്പെടുത്തി.

ഗാന്ധി കുടുംബമാകെ വയനാട്ടിലേക്ക് വരുമ്പോള്‍ നേതാക്കളും പ്രവര്‍ത്തകരും കൂട്ടത്തോടെ ചുരം കയറിയാല്‍ ചേലക്കരയിലും പാലക്കാട്ടും പണി പാളുമെന്ന് കോൺഗ്രസിനറിയാം. അതുകൊണ്ടാണ് ഈ ഉപതിരഞ്ഞെടുപ്പ് കാലത്ത് സംഘടനാ മുന്നൊരുക്കങ്ങള്‍ ഇത്തിരി കടുപ്പിക്കാനുളള കോണ്‍ഗ്രസ് തീരുമാനം.

ചേലക്കരയിലെ തിരഞ്ഞെടുപ്പ് നിരീക്ഷകരായി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും കൊടിക്കുന്നില്‍ സുരേഷിനെയുമാണ് നിയോഗിച്ചിരിക്കുന്നത്. ബെന്നി ബഹനാനും കെസി ജോസഫുമാണ് പാലക്കാട്ടെ നിരീക്ഷകര്‍. തിരഞ്ഞെടുപ്പ് ചുമതലയുളള നേതാക്കള്‍ കൃത്യമായും അതത് മണ്ഡലങ്ങളില്‍ ഉണ്ടെന്ന് ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്തം നിരീക്ഷകര്‍ക്കാണ്. പ്രിയങ്കയുടെ മല്‍സരമായതിനാല്‍ എഐസിസി ഭാരവാഹികളുടെ നേരിട്ടുളള നിരീക്ഷണത്തിലാണ് വയനാട്. 

കെപിസിസി ഭാരവാഹികള്‍ക്കും സമീപ ജില്ലകളിലെ ഡിസിസി പ്രസിഡന്‍റുമാര്‍ക്കും പഞ്ചായത്ത് തലത്തിലാണ് ചുമതലകള്‍ വീതിച്ചു നല്‍കിയത്. പാര്‍ട്ടിയുടെ അഞ്ച് എംഎല്‍എമാര്‍ക്ക് മാത്രമാണ് വയനാട്ടില്‍ ചുമതല. ബാക്കിയുളളവര്‍ ചേലക്കരയിലും പാലക്കാട്ടുമായി ഉണ്ടാകണമെന്ന് കടുപ്പിച്ചിട്ടുണ്ട് കെപിസിസി.

Tags:    

Similar News