വന്യജീവി ആക്രമണങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ അടിയന്തര നടപടി വേണം; രാധയുടെ മരണത്തിൽ അതീവ ദുഃഖം പങ്കുവച്ച് പ്രിയങ്ക
മാനന്തവാടി പഞ്ചാര കൊല്ലിയിൽ രാധയെന്ന വീട്ടമ്മയെ കടുവ കൊലപ്പെടുത്തിയ സംഭവത്തിൽ വയനാട് എം പി പ്രിയങ്ക ഗാന്ധി അതീവ ദുഃഖം പങ്കുവച്ച് രംഗത്തെത്തി. കാപ്പി വിളവെടുപ്പിനിടെ കടുവയുടെ ആക്രമണത്തിൽ രാധ കൊല്ലപ്പെട്ടുവെന്ന വാർത്ത ഞെട്ടിക്കുന്നതാണെന്നും പ്രിയങ്ക പറഞ്ഞു.
രാധയുടെ വേർപാടിൽ കുടംബത്തിന്‍റെ വേദനക്കൊപ്പം പങ്കുചേരുന്നുവെന്നും വയനാട് എം പി വ്യക്തമാക്കി. ഇത്തരം വന്യജീവി ആക്രമണങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനുള്ള അടിയന്തര നടപടികൾ ആവശ്യമാണെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.
I am deeply saddened by the tragic loss of Smt. Radha, who was killed by a tiger while harvesting coffee in Pancharakolly, Mananthavady. My heartfelt condolences to her family.
— Priyanka Gandhi Vadra (@priyankagandhi) January 24, 2025
There is an immediate need for sustainable solutions to address this pressing issue.
നേരത്തെ രാധയുടെ മരണത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പി വി അൻവർ രംഗത്തെത്തിയിരുന്നു. പി വി അൻവറിനെതിരെ "കുരുക്കു മുറുക്കുന്ന" തിരക്കിലുള്ള സർക്കാർ, വനം വന്യജീവി വിഷയത്തിൽ ശാശ്വത പരിഹാരം കാണുന്നതിന് ശ്രമിക്കണമെന്ന് അൻവർ ആവശ്യപ്പെട്ടു. സർക്കാറിന്റെ നിഷ്ക്രിയത്വത്തിനെതിരെ പ്രതിഷേധിക്കുന്നവരെ അറസ്റ്റ് ചെയ്തത് കൊണ്ടോ ജയിലിൽ അടച്ചതുകൊണ്ടോ സർക്കാറിനും വനം വകുപ്പിനും ഉത്തരവാദിത്വത്തിൽ നിന്ന് ഒളിച്ചോടാൻ ആവില്ലെന്നും അൻവർ കൂട്ടിച്ചേർത്തു.
കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് ഡി എഫ് ഒ ഓഫീസ് ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തന്നെ ജയിലിലടച്ചത് ഓർപ്പിച്ചുകൊണ്ടാണ് അൻവർ ഫേസ്ബുക്ക് കുറിപ്പിട്ടിരിക്കുന്നത്. കടുവ ആക്രമണത്തിൽകൊല്ലപ്പെട്ട രാധയ്ക്ക് നിലമ്പൂർ മുൻ എം എൽ എ ആദരാഞ്ജലികളും അർപ്പിച്ചു.