ആശുപത്രികളിൽ മൂന്ന് മാസത്തിലൊരിക്കൽ പ്രിസ്ക്രിപ്ഷൻ ഓഡിറ്റ്; മാർഗരേഖ പുറത്തിറക്കി ആരോഗ്യ വകുപ്പ്

Update: 2024-03-12 11:46 GMT

ആന്റി ബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയാന്‍ ജില്ലാതല എ.എം.ആര്‍. (ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ്) കമ്മിറ്റികള്‍ക്കുള്ള പ്രവര്‍ത്തന മാര്‍ഗരേഖ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

ആന്റി ബയോട്ടിക്കുകളുടെ അശാസ്ത്രീയമായ ഉപയോഗം കാരണം 2050 ആകുമ്പോഴേക്കും ലോകത്ത് ഒരു കോടി ആളുകള്‍ ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് കൊണ്ട് മരണമടയും എന്നാണ് ലോകാരോഗ്യ സംഘടന കണക്കാക്കിയിരിക്കുന്നത്. ഇത് ഉള്‍ക്കൊണ്ട് സംസ്ഥാന ആരോഗ്യ വകുപ്പ് രാജ്യത്തിന് മാതൃകയായ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നതെന്ന് അധികൃതർ അറിയിച്ചു. 

രാജ്യത്ത് ആദ്യമായി സംസ്ഥാനതല ആന്റിബയോഗ്രാമും ജില്ലാതല ആന്റിബയോഗ്രാമും പുറത്തിറക്കി. രാജ്യത്ത് ആദ്യമായി എല്ലാ ജില്ലകളിലും ബ്ലോക്കുകളിലും എഎംആര്‍ കമ്മിറ്റികള്‍ രൂപീകരിച്ചു. കൂടുതല്‍ ആശുപത്രികളെ കാര്‍സ്‌നെറ്റ് ശൃംഖലയിലേക്കും ആന്റിബയോട്ടിക് സ്മാര്‍ട്ടിലേക്കും മാറ്റിയിട്ടുണ്ട്. മുമ്പ് ബ്ലോക്ക് തല എ.എം.ആര്‍ കമ്മിറ്റികള്‍ക്കുള്ള മാര്‍ഗരേഖ പുറത്തിറക്കിയിരുന്നു. ഇതുകൂടാതെയാണ് സംസ്ഥാനത്ത് ആദ്യമായി ജില്ലാതല എ.എം.ആര്‍ കമ്മിറ്റികള്‍ക്കുള്ള പ്രവര്‍ത്തന മാര്‍ഗരേഖ പുറത്തിറക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ചെയര്‍മാനായുള്ള എ.എം.ആര്‍ വര്‍ക്കിംഗ് കമ്മിറ്റിയും ജില്ലാ എ.എം.ആര്‍ എക്‌സിക്യുട്ടീവ് കമ്മിറ്റിയും രൂപീകരിക്കണം. ഇരു കമ്മറ്റികളുടേയും ഘടനയും പ്രവര്‍ത്തനങ്ങളും അവയുടെ നിരീക്ഷണവും അവലോകനവും മാര്‍ഗരേഖയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ജില്ലാ എ.എം.ആര്‍ ലബോട്ടറികളുടെ പ്രവര്‍ത്തന മാര്‍ഗരേഖയും പുറത്തിറക്കി. നിര്‍ണയ ലാബ് നെറ്റുവര്‍ക്കിലൂടെ ലാബുകളെ ബന്ധിപ്പിക്കുന്നതാണ്. ഇതിലൂടെ ആന്റിബയോട്ടിക് പ്രതിരോധത്തിന്റെ കൃത്യമായ തോത് മനസിലാക്കാന്‍ സാധിക്കുന്നു.prescription audit in every three months and guidelines

പ്രാഥമിക തലത്തിലുള്ള ആശുപത്രികള്‍ക്കുള്ള മാര്‍ഗരേഖ നേരത്തെ പുറത്തിറക്കിയിരുന്നു. ഇത് കൂടാതെ ദ്വിതീയ-ത്രിതീയ തലത്തിലുള്ള താലൂക്ക് തലം മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള ആശുപത്രികളെ ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളാക്കുന്നതിനുള്ള മാര്‍ഗരേഖയും പുതുതായി പുറത്തിറക്കി. മലയാളത്തിലുള്ള എ.എം.ആര്‍ അവബോധ പോസ്റ്ററുകള്‍ ആശുപത്രിയില്‍ പ്രദര്‍ശിപ്പിക്കണം. എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അണുബാധ നിയന്ത്രണ പ്രവര്‍ത്തനങ്ങളിലും എ.എം.ആര്‍ പ്രതിരോധത്തിലും പരിശീലനം നല്‍കണം. 

Tags:    

Similar News