നിരോധിത സംഘടന പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവർത്തകർ പ്രതികളായ കൊലപാതകങ്ങൾ സംഘടനയുടെ ഉന്നതതല നേതാക്കളുടെ അറിവോടെ ആയിരുന്നെന്ന് എൻഐഎ അന്വേഷണ സംഘം. ഉന്നത നേതാക്കളുടെ നിർദേശാനുസരണമായിരുന്നു കൊലപാതകങ്ങളെന്നും എൻഐഎ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ഇതര സമുദായങ്ങളിൽ ഭയം വിതയ്ക്കുകയായിരുന്നു നേതൃത്വത്തിന്റെ ലക്ഷ്യം.
പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽനിന്നു കൊലയാളികൾക്കു പരിശീലനം ലഭിച്ചിരുന്നു. കേരളത്തിലും പുറത്തും പരിശീലനം നേടിയതായി പറയുന്നു. കൊലപാതക ആസൂത്രണങ്ങളും കേരളത്തിനു പുറത്തു നടന്നിട്ടുണ്ട്. കൊല്ലേണ്ടവരെ സംബന്ധിച്ചു വിവരങ്ങൾ ശേഖരിച്ചു പഠനം നടത്തിയിരുന്നെന്നും കോടതിയെ അറിയിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ കൂടുതൽ കൊലപാതക കേസുകൾ എൻഐഎ ഏറ്റെടുത്തേക്കുമെന്നാണു കരുതുന്നത്.
കഴിഞ്ഞ സെപ്റ്റംബറിൽ രാജ്യവ്യാപകമായി എൻഐഎ നടത്തിയ റെയ്ഡിൽ പിടിയിലായവരുടെ റിമാൻഡ് കാലാവധി കഴിഞ്ഞ ദിവസം എൻഐഎ കോടതി മൂന്നു ദിവസത്തേയ്ക്കു കൂടി നീട്ടിയിട്ടുണ്ട്.