ചേലക്കരയിലും വയനാട്ടിലും പോളിങ് ഉയർന്നു. വയനാട്ടിൽ ഗ്രാമപ്രദേശങ്ങളിൽ ബൂത്തുകളിൽ രാവിലെ തിരക്ക് അനുഭവപ്പെട്ടെങ്കിലും നഗര പ്രദേശങ്ങളിലെ തിരക്ക് കുറവായിരുന്നു. സ്ഥാനാർഥികളായ പ്രിയങ്ക ഗാന്ധി, സത്യൻ മൊകേരി, നവ്യ ഹരിദാസ് എന്നിവർ വിവിധ ബൂത്തുകൾ സന്ദർശിച്ചു. ചേലക്കരയിലെ സ്ഥാനാർഥികളായ യു.ആർ.പ്രദീപ്, രമ്യ ഹരിദാസ്, കെ.ബാലകൃഷ്ണൻ എന്നിവരും ബൂത്തുകളിൽ എത്തിയിരുന്നു.
ജാർഖണ്ഡ് നിയമസഭയിലേക്കുള്ള ഒന്നാംഘട്ട വോട്ടെടുപ്പിൽ 59.28 ശതമാനമാണു പോളിങ്. റാഞ്ചിയിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ എം.എസ്.ധോണി ഉൾപ്പെടെയുള്ളവർ വോട്ട് രേഖപ്പെടുത്തി. ബംഗാളിൽ ഉപതിരഞ്ഞെടുപ്പിനിടെ തൃണമൂൽ കോൺഗ്രസ് നേതാവ് കൊല്ലപ്പെട്ടു.
നോർത്ത് 24 പർഗാനാസ് ജില്ലയിലെ നൈഹാട്ടി മണ്ഡലത്തിൽ ജഗത്ദാലിലുണ്ടായ വെടിവയ്പിൽ തൃണമൂൽ കോൺഗ്രസ് നേതാവ് അശോക് സാവു ആണു കൊല്ലപ്പെട്ടത്. അസം (5 മണ്ഡലങ്ങൾ), ബിഹാർ (4), ഛത്തീസ്ഗഡ് (1), ഗുജറാത്ത് (1), കർണാടക (3), മധ്യപ്രദേശ് (2), മേഘാലയ (1), രാജസ്ഥാൻ (7), സിക്കിം (2), ബംഗാൾ (6) സംസ്ഥാനങ്ങളിലും ഉപതിരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്.