കുടുംബ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ പൊലീസ് സ്റ്റേഷനിൽ പ്രത്യേക സംവിധാനം വേണം: മനുഷ്യാവകാശ കമ്മീഷൻ
കുടുംബപ്രശ്നങ്ങൾ സംബന്ധിച്ച് ലഭിക്കുന്ന പരാതികൾ കൈകാര്യം ചെയ്യാൻ പൊലീസ് സ്റ്റേഷനുകളിൽ പ്രത്യേക സംവിധാനം ഏർപ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്റെ നിർദ്ദേശം. സംസ്ഥാന പൊലീസ് മേധാവിക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവ് നൽകിയത്. ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ 3 മാസത്തിനകം കമ്മീഷനെ അറിയിക്കണമെന്നാണ് നിർദ്ദേശം.
പൊലീസുകാരിൽ നിന്ന് പ്രത്യേകം പരിശീലനം ലഭിച്ചവരെ ടീമിൽ ഉൾപ്പെടുത്തി കൗൺസിലിംഗിനും മറ്റുമായി സuകര്യം ഏർപ്പെടുത്തണമെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. കുടുംബവഴക്കുമായി ബന്ധപ്പെട്ട് ഭാര്യ നൽകിയ പരാതിയിൽ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് തന്നെ മാറാട് എസ് ഐ ദേഹോപദ്രവം ഏൽപ്പിച്ചെന്ന ബേപ്പൂർ സ്വദേശിയുടെ പരാതി തീർപ്പാക്കി കൊണ്ടാണ് ഉത്തരവ്.
ഉത്തരമേഖല ഐ ജി യിൽ നിന്ന് കമ്മീഷൻ റിപ്പോർട്ട് വാങ്ങി. ഇത് തൃപ്തികരമാകാത്തതിനെ തുടർന്ന് കമ്മീഷന്റെ അന്വേഷണ വിഭാഗം നേരിട്ട് അന്വേഷിച്ചു. പരാതിയിൽ പറഞ്ഞിരിക്കുന്നതു പോലുള്ള സംഭവങ്ങൾ സ്റ്റേഷനിലുണ്ടായിട്ടില്ലെന്ന് ഭാര്യ അറിയിച്ചു. 2019 മേയ് 22 നാണ് പരാതിക്ക് ആസ്പദമായ സംഭവം ഉണ്ടായത്. കുടുംബ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ പൊലീസ് സ്റ്റേഷനുകളിൽ പ്രത്യേക സംവിധാനം വേണമെന്ന അന്വേഷണ വിഭാഗത്തിന്റെ ശുപാർശ കമ്മീഷൻ അംഗീകരിക്കുകയായിരുന്നു.