പോക്സോ കേസിലെ അതിജീവിതയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുളത്തൂപ്പുഴ സ്വദേശിനിയായ പതിനാറുകാരിയാണു മരിച്ചത്. ബന്ധുവീടിനു സമീപത്തെ വനത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
ഈ മാസം അഞ്ചിന് പെൺകുട്ടിയെ കാണാനില്ലെന്നു കാട്ടി അമ്മ പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണത്തിൽ ഓയൂരിൽ യുവാവിന്റെ വീട്ടിൽനിന്നു പെൺകുട്ടിയെ കണ്ടെത്തി. പെൺകുട്ടിക്ക് പ്രായപൂർത്തിയാകാത്തതിനാൽ യുവാവിനെതിരെ പോക്സോ കേസ് ചുമത്തി കോടതി റിമാൻഡ് ചെയ്തു. ശാരീരിക പരിശോധനയ്ക്കുശേഷം പെൺകുട്ടിയെ അമ്മയ്ക്കൊപ്പം വിട്ടു. ഇന്നു ബന്ധുവീട്ടിലെത്തിയ പെൺകുട്ടിയെ കുറച്ചുസമയത്തിനുശേഷം കാണാതാവുകയും പിന്നാലെ സമീപമുള്ള വനത്തിൽ തൂങ്ങിമരിച്ചനിലയിൽ കാണുകയുമായിരുന്നു. ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു.