മലപ്പുറത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി ; മുസ്ലിം ലീഗ് പ്രത്യക്ഷ സമരത്തിലേക്ക്

Update: 2024-05-14 14:17 GMT

മലപ്പുറത്ത് പ്ലസ് വണ്ണിന് അധിക ബാച്ചുകൾ അനുവദിക്കില്ലെന്ന പ്രസ്താവനയില്‍ മന്ത്രി വി ശിവൻകുട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി മുസ്ലിം ലീഗ്. മന്ത്രിയുടെ നിലപാട് കണ്ണടിച്ചിരുട്ടാക്കലാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ആവശ്യങ്ങൾ വരുമ്പോൾ ശബ്ദമുയർത്തുമെന്ന് പാണക്കാട് സാദിക്കലി ശിഹാബ് തങ്ങളും പ്രതികരിച്ചു. മലപ്പുറത്തെ രാഷ്ട്രീയ സാമുദായിക സാമൂഹ്യ സംഘടനകൾ ആവർത്തിച്ചു ആവശ്യപ്പെട്ടിട്ടും ബാച്ച് വര്‍ധിപ്പിക്കാൻ ആവില്ല എന്ന നിലപാടാണ് സർക്കാർ ഇന്നലെ വ്യക്തമാക്കിയത്. ഇതോടെ കടുത്ത ഭാഷയിൽ മറുപടിയുമായി ലീഗും രംഗത്തെത്തിയത്.

സീറ്റില്ലെന്ന് പറയുമ്പോൾ പാരലൽ കോളേജ് എന്ന മറുപടി സ്ഥിരം ആണെന്നും മന്ത്രി നിലപാട് തിരുത്തണമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. മലപ്പുറത്തെ കുട്ടികള്‍ എവിടെ എങ്കിലും പഠിച്ചാ മതിയെന്ന നിലപാട് അംഗീകരിക്കാനാകില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഉപരിപഠനത്തിന് സാധ്യതയൊരുക്കാനുള്ള ഉത്തരവാദിത്വം ഗവൺമെന്റിന് ആണെന്ന് സാദിക്കലി തങ്ങള്‍ പ്രതികരിച്ചു.

സർക്കാർ നിലപാട് വ്യക്തമാക്കിയതോടെ വിദ്യാർഥികളും രക്ഷിതാക്കളും ഒരേപോലെ ആശങ്കയിലാണ്. മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് പോലും പ്രവേശനം ലഭിക്കാൻ സാധ്യത കുറവ് പ്രത്യക്ഷ സമരം അല്ലാതെ മറ്റു വഴികളില്ലെന്ന നിലപാടിലാണ് മുസ്ലിം ലീഗ്. സമരത്തിൽ വിവിധ സമുദായിക സാമൂഹ്യ സംഘടനകളെയും അണിനിരത്താൻ ശ്രമിക്കുന്നുണ്ട്. ഇതോടെ പ്ലസ് വൺ സീറ്റ് വിഷയം സർക്കാരിനെതിരെ രാഷ്ട്രീയ ആയുധം ആക്കാൻ ഒരുങ്ങുകയാണ് യുഡിഎഫ്.

Tags:    

Similar News