'ഇത് കമ്മ്യൂണിസ്റ്റ് ജീവിതശൈലിയല്ല, പാർട്ടിയുടെ 20 ലക്ഷം പി കെ ശശി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി': അന്വേഷണ കമ്മീഷൻ
കെ.ടി.ഡി.സി ചെയർമാനും സി.പി.എം പാലക്കാട് ജില്ലാ കമ്മിറ്റി അംഗവുമായ പി കെ ശശിക്കെതിരെ സിപിഎം അന്വേഷണ കമ്മീഷൻ നടത്തിയ അന്വേഷണത്തിൽ ഗുരുതര കണ്ടെത്തലുകൾ. പാർട്ടി ഫണ്ടിൽ നിന്നും ലക്ഷങ്ങൾ തിരിമറി ചെയ്ത് സ്വന്തം അക്കൌണ്ടിലേക്ക് മാറ്റിയെന്നാണ് അന്വേഷണത്തിലെ പ്രധാന കണ്ടെത്തൽ.
സിപിഎം പാർട്ടി ഓഫീസ് നിർമ്മാണ ഫണ്ടിൽ നിന്ന് 10 ലക്ഷവും ജില്ലാ സമ്മേളനം ഫണ്ടിൽ നിന്ന് 10 ലക്ഷവും പികെ ശശി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതായി കണ്ടെത്തി. ശശിയുടേത് കമ്മ്യൂണിസ്റ്റ് ജീവിതശൈലിയല്ലെന്നും കമ്മീഷൻ അന്വേഷണ റിപ്പോർട്ടിൽ വിമർശിക്കുന്നു. മണ്ണാർക്കാട് ഏരിയാ കമ്മിറ്റി ഓഫീസ് നിർമ്മാണ ഫണ്ടിൽ തിരിമറി നടത്തിയെന്ന ആരോപണത്തിന് പിന്നാലെയാണ് ശശിക്കെതിരെ അന്വേഷണം നടന്നത്.
അന്വേഷണത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ട എല്ലാ പദവികളിൽ നിന്നും ശശിയെ കഴിഞ്ഞ ദിവസം നീക്കിയിരുന്നു. ഇതോടെ പി കെ ശശിക്ക് പാർട്ടിയുടെ പ്രാഥമികാംഗത്വം മാത്രമായി. പുത്തലത്ത് ദിനേശന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ആരോപണം സംബന്ധിച്ച് അന്വേഷണം നടത്തിയത്. പി കെ ശശി അദ്ധ്യക്ഷനായ യൂണിവേഴ്സൽ കോളേജ് നിയമനത്തിലും ക്രമക്കേടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയെന്നാണ് വിവരം. മണ്ണാർക്കാട് ഏരിയാ കമ്മിറ്റിയും പിരിച്ചുവിട്ടു. ഇന്നലെ എം വി ഗോവിന്ദന്റെ സാന്നിദ്ധ്യത്തിൽ ചേർന്ന പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് തീരുമാനമെടുത്തത്.