അച്ചടക്ക നടപടി തുടരും; രാജൻ മാസ്റ്ററുടെ സസ്പെൻഷൻ പിൻവലിക്കില്ലെന്ന് പി.സി ചാക്കോ

Update: 2024-09-26 04:36 GMT

സംസ്ഥാന വൈസ് പ്രസിഡൻ്റ് രാജൻ മാസ്റ്ററുടെ സസ്‌പെൻഷൻ പിൻവലിക്കണമെന്ന മന്ത്രി എ.കെ ശശീന്ദ്രന്റെ ആവശ്യം തളളി പാർട്ടി സംസ്ഥാന അധ്യക്ഷൻ പി.സി.ചാക്കോ. രാജൻ മാസ്റ്റർ നടത്തിയത് വിമത പ്രവർത്തനമാണെന്നും അച്ചടക്ക നടപടി  അങ്ങനെ തന്നെ തുടരുമെന്നും ചാക്കോ വ്യക്തമാക്കി.

സസ്പെൻഷൻ കൊണ്ട് പാർട്ടിയിൽ ഒന്നും സംഭവിക്കില്ല. എ.കെ ശശീന്ദ്രനും പാർട്ടിയുടെ ആഭ്യന്തര കാര്യങ്ങൾ പുറത്ത് ചർച്ചയാക്കരുതെന്നും രാജൻ മാസ്റ്ററുടെ സസ്പെൻഷൻ പിൻവലിക്കണമെന്ന മന്ത്രിയുടെ പരസ്യ പ്രസ്താവയിൽ പിസി ചാക്കോ പറ‌ഞ്ഞു.

മന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള തർക്കമാണ് പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നത്. മന്ത്രിമാറ്റത്തെ എതിർത്ത വൈസ് പ്രസിഡണ്ട് രാജൻ മാസ്റ്ററെയാണ് ഇന്നലെ പാർട്ടി അധ്യക്ഷൻ സസ്പെൻഡ് ചെയ്തത്. ശശീന്ദ്രനെ മാറ്റുന്നതിനെ എതിർത്ത് തൃശൂരിൽ യോഗം വിളിച്ചത് വിമത നീക്കമെന്ന് കുറ്റപ്പെടുത്തിയാണ് പിസി ചാക്കോ സസ്പെൻഡ് ചെയ്തത്.

നടപടിയെ എ.കെ ശശീന്ദ്രൻ പരസ്യമായി എതിർത്തു, ശരത് പവാറിന് കത്തും നൽകി. നടപടി പിൻവലിച്ചില്ലെങ്കിൽ കടുപ്പിക്കാനാണ് ശശീന്ദ്രൻ വിഭാഗത്തിൻറെ നീക്കം. ശശീന്ദ്രനെ മാറ്റാനുള്ള പിസി ചാക്കോയുടെയും തോമസ് കെ തോമസിൻറെയും നീക്കം ഇനിയും ഫലം കണ്ടിട്ടില്ല. ശരത് പവാർ അനുകൂലിച്ചിട്ടും ശശീന്ദ്രനെ മാറ്റാൻ പറ്റാത്ത സ്ഥിതിയിലാണ് സംസ്ഥാന നേതൃത്വം.

മുഖ്യമന്ത്രിയുടെ നിലപാട് അറിഞ്ഞ് അന്തിമ തീരുമാനത്തിലേക്കെത്താനാണ് ധാരണ. പക്ഷെ കൂടിക്കാഴ്ച നീളുകയാണ്. ഇന്നലെ പിണറായി വിജയിന് തിരക്കായതിനാൽ ചർച്ച മാറ്റി.  തോമസ് കെ തോമസിനെ മന്ത്രിസഭയിലേക്ക് കൊണ്ടുവരുന്നതിനോട് മുഖ്യമന്ത്രി ഇപ്പോഴും താല്പര്യം കാട്ടുന്നില്ല. മന്ത്രിസ്ഥാനം പാർട്ടിയുടെ ആഭ്യന്തര കാര്യമായിരിക്കെ മുഖ്യമന്ത്രിക്ക് അങ്ങിനെ നോ പറയാൻ ആകില്ലെന്നാണ് ചാക്കോയുടെ നിലപാട്. 

Tags:    

Similar News