ഇലന്തൂരിൽ കൊല്ലപ്പെട്ട സ്ത്രീകളിലൊരാളായ പത്മയുടെ മകൻ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി. കഴിഞ്ഞ ആറുദിവസമായി പത്മയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണുള്ളതെന്നും മൃതദേഹം വിട്ടുകിട്ടാൻ നടപടിക്രമങ്ങൾ വേഗത്തിൽ ആക്കണമെന്ന് നിര്‍ദ്ദേശിക്കണമെന്നും ആവശ്യപ്പെട്ടാണ് കത്ത് നൽകിയത്. മൃതദേഹം കൊണ്ടുപോകാൻ സർക്കാർ സഹായം വേണം. ഇക്കാര്യത്തിൽ അധികൃതർ ഇടപെടണമെന്നും മകനും ബന്ധുക്കളും ആവശ്യപ്പെട്ടു. ഇതുവരെ ഇക്കാര്യത്തിൽ ഒരു ഇടപെടലും ഉണ്ടായിട്ടില്ലെന്നും ബന്ധുക്കൾ പറഞ്ഞു.
ഡിഎൻഎ സാമ്പിൾ ശേഖരിക്കുന്ന അടക്കമുള്ള നടപടികൾ പൂർത്തിയായിയിട്ടുണ്ട്. എന്നാൽ മൃതദേഹം ഇതുവരെയും വിട്ടുനൽകിയിട്ടില്ല. മൃതദേഹം ആചാരപ്രകാരം സംസ്കരിക്കാൻ സർക്കാർ നടപടികൾ വേഗത്തിൽ ആക്കണമെന്നും മകൻ കത്തിൽ ആവശ്യപ്പെടുന്നു.
ഇരട്ട നരബലി നടന്ന പത്തനംതിട്ട ഇലന്തൂരിലെ ഭഗവൽ സിംഗിന്റെ വീട് കനത്ത പൊലീസ് സുരക്ഷയിൽ തന്നെയാണ്. കഴിഞ്ഞ ദിവസം ലഭിച്ച തെളിവുകൾ ക്രോഡീകരിച്ച് വിലയിരുത്തിയ ശേഷം പ്രതികളെ വീണ്ടും ഇലന്തൂരിൽ എത്തിച്ചാൽ മതിയെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.