പത്തനംതിട്ട മുറിഞ്ഞകല്ലിൽ ഞായറാഴ്ച പുലർച്ചെ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച നാലുപേരുടെയും സംസ്കാരം ഇന്ന് നടക്കും. അപകടത്തിൽ മരിച്ച നിഖിൽ മത്തായി (30), ഭാര്യ അനു ബിജു (27), നിഖിലിന്റെ പിതാവ് മത്തായി ഈപ്പൻ (66), അനുവിന്റെ പിതാവ് മല്ലശേരി വട്ടക്കുളഞ്ഞി പുത്തൻവിള കിഴക്കേതിൽ ബിജു ജോർജ് (51) എന്നിവരുടെ സംസ്കാരമാണ് 12: 30ന് നടക്കുക.
രാവിലെ എട്ടുമണി മുതൽ പൂങ്കാവ് സെന്റ് മേരീസ് കത്തോലിക്ക പള്ളിയിൽ മൃതദേഹങ്ങൾ പൊതുദർശനത്തിന് വയ്ക്കും. 6.50 ഓടെ അനുവിന്റെ വീട്ടിൽ മൃതദേഹങ്ങൾ എത്തിച്ചു. ഇവിടെ പ്രാർത്ഥന ചടങ്ങ് നടത്തിയ ശേഷം നിഖിലിന്റെ വീട്ടിലേക്ക് കൊണ്ട് പോകും.
മത്തായി ഈപ്പന്റെയും നിഖിലിന്റെയും അനുവിന്റെയും മൃതദേഹങ്ങൾ കുടുംബ കല്ലറയിലും ബിജുവിന്റെ മൃതദേഹം മറ്റൊരു കല്ലറയിലുമാണ് സംസ്‌കരിക്കുക. മലേഷ്യയിൽ ഹണിമൂൺ ആഘോഷത്തിന് പോയി മടങ്ങി വന്ന നിഖിലിനെയും അനുവിനെയും ഞായറാഴ്ച പുലർച്ചെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് കൂട്ടിക്കൊണ്ടു വരുമ്പോഴായിരുന്നു അപകടം.
ഇവർ സഞ്ചരിച്ചിരുന്ന മാരുതി സ്വിഫ്റ്റ് കാർ ആന്ധ്രക്കാരായ ശബരിമല തീർത്ഥാടകരുടെ ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കാർ പൂർണ്ണമായി തകർന്നു. ഏറെ പണിപ്പെട്ട് കാർ വെട്ടിപ്പൊളിച്ചാണ് ഉള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. കഴിഞ്ഞ നവംബർ 30നായിരുന്നു അനുവിന്റെയും നിഖിലിന്റെയും ഇവരുടെ വിവാഹം നടന്നത്.