'ഭാര്യയുമൊത്ത് ജീവിക്കാൻ തീരുമാനിച്ചു'; പന്തീരാങ്കാവ് കേസ് ഒത്തുതീർപ്പിലേക്ക്, കേസ് റദ്ദാക്കണമെന്ന് രാഹുൽ
പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസിൽ ഭാര്യയുമൊത്ത് ജീവിക്കാൻ തീരുമാനിച്ചെന്ന് രാഹുൽ ഹൈക്കോടതിയെ അറിയിച്ചു. ഭാര്യയുടെ സത്യവാംങ്മൂലം അംഗീകരിച്ച് തനിക്കെതിരായ കേസ് റദ്ദാക്കണമെന്നും രാഹുൽ കോടതിയോട് ആവശ്യപ്പെട്ടു. ഇന്ന് കേസ് ഹൈക്കോടതി പരിഗണിക്കും. സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവും വീട്ടുകാരും ചേർന്ന് ക്രൂരമായി മർദിച്ചു എന്നായിരുന്നു യുവതി ആദ്യം നൽകിയ മൊഴി. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് യുവതി മൊഴി മാറ്റിയത്. രാഹുൽ മർദിച്ചിട്ടില്ലെന്നും തന്റെ വീട്ടുകാരുടെ നിർബന്ധത്തെ തുടർന്നാണ് രാഹുലിനെതിരെ മൊഴി നൽകിയതെന്നുമാണ് പെൺകുട്ടി പിന്നീട് പറഞ്ഞത്.
ഇതിന് പിന്നാലെയാണ് പന്തീരാങ്കാവ് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ കോടതിയെ സമീപിച്ചത്. പെൺകുട്ടി ആരോപണങ്ങൾ പിൻവലിച്ച സാഹചര്യത്തിൽ ഹൈക്കോടതി രാഹുലിന്റെ ഹർജി അംഗീകരിക്കാനാണ് സാദ്ധ്യത. ദിവസങ്ങൾക്ക് മുമ്പ് പരാതിക്കാരിയെ കാണാനില്ലെന്ന് പറഞ്ഞ് മാതാപിതാക്കൾ പരാതി നൽകിയിരുന്നു. ഡൽഹിയിലായിരുന്ന യുവതിയെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു. വീട്ടുകാർക്കൊപ്പം പോകാൻ താൽപ്പര്യമില്ലെന്നാണ് അന്ന് യുവതി മജിസ്ട്രേറ്റിനെ അറിയിച്ചത്. തുടർന്ന് കേസ് അവസാനിപ്പിച്ച് പൊലീസ് യുവതിയെ തിരികെ വിമാനത്താവളത്തിൽ കൊണ്ടുവിടുകയും ചെയ്തു. ബന്ധുക്കളുടെ സമ്മർദത്തെ തുടർന്നാണ് ഭർത്താവ് രാഹുലിനെതിരെ ഗാർഹിക പീഡന പരാതി നൽകിയതെന്ന് യുവതി നേരത്തെ യൂട്യൂബ് വീഡിയോയിലും പറഞ്ഞിരുന്നു. സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവ് തന്നെ ക്രൂരമായി മർദ്ദിച്ചെന്ന് പറഞ്ഞത് കളവാണെന്നും ആരോപണം ഉന്നയിച്ചതിൽ കുറ്റബോധമുണ്ടെന്നും യുവതി വെളിപ്പെടുത്തിയിരുന്നു.