പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്; രാഹുലിന്റെ അമ്മയ്ക്കും സഹോദരിക്കും മുൻകൂർ ജാമ്യം
പന്തീരാങ്കാവിൽ നവവധുവിനെ മർദിച്ച കേസിലെ പ്രതി രാഹുൽ പി ഗോപാലിന്റെ അമ്മ ഉഷയ്ക്കും സഹോദരി കാർത്തികയ്ക്കും മുൻകൂർ ജാമ്യം. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ഇരുവർക്കും ജാമ്യം അനുവദിച്ചത്. ഗാർഹിക പീഡനക്കേസിലെ രണ്ടും മൂന്നും പ്രതികളാണ് ഉഷയും കാർത്തികയും. ചോദ്യം ചെയ്യലുമായി ഉഷയും കാർത്തികയും സഹകരിക്കണം. ജൂൺ ഒന്നിന് മുമ്പ് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണം. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയാൽ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കണമെന്ന് കോടതി നിർദേശം നൽകി.
ഒളിച്ചുവയ്ക്കാൻ ഒന്നുമില്ലെന്നും ചോദ്യം ചെയ്യലുമായി പൂർണമായി സഹകരിക്കുമെന്ന് പ്രതികളുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഗാർഹിക പീഡനം എന്ന ആരോപണം തെറ്റാണെന്നും പ്രതികൾ ആവർത്തിച്ചു. കഴിഞ്ഞ ദിവസം യുവതിയുടെ രഹസ്യ മൊഴി കോടതി രേഖപ്പെടുത്തിയിരുന്നു.ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് നേരത്തെ ഉഷയ്ക്കും കാർത്തികയ്ക്കും അന്വേഷണ സംഘ തലവനായ ഫറോക്ക് അസി. കമ്മിഷണർ സജു കെ. അബ്രഹാം നോട്ടീസ് നൽകിയിരുന്നു. അനാരോഗ്യം കാരണം ഹാജരാകാനാവില്ലെന്ന് ഉഷ പൊലീസിനെ അറിയിച്ചിരുന്നു. മാത്രമല്ല കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയും തേടിയിരുന്നു. ഇതിനിടയിലാണ് മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്.