'പാനൂർ സ്ഫോടനക്കേസ് അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റണം'; പരാതി നൽകുമെന്ന് പ്രതികളുടെ കുടുംബങ്ങൾ
പാനൂർ ബോംബ് സ്ഫോടനക്കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ മാറ്റണമെന്നാവശ്യപ്പെട്ട് റിമാൻഡിൽ കഴിയുന്ന പ്രതികളുടെ കുടുംബങ്ങൾ പരാതി നൽകും. പോലീസ് കമ്മിഷണർക്കും ഉത്തരമേഖല ഡി.ഐ.ജി.ക്കുമാണ് പരാതി നൽകുക.
കേസിലെ മൂന്നുമുതൽ ഏഴുവരെയുള്ള പ്രതികളായ ചെണ്ടയാട് പാടാൻതാഴെ ഉറവുള്ളക്കണ്ടിയിൽ അരുൺ (28), അടുപ്പ് കൂട്ടിയപറമ്പത്ത് സബിൻലാൽ (25), കുന്നോത്തുപറമ്പ് കിഴക്കയിൽ കെ.അതുൽ (28), മീത്തലെ കുന്നോത്തുപറമ്പ് ചിറക്കണ്ടിമ്മൽ സി.സായുജ് (24), കുന്നോത്ത് പറമ്പിൽ അമൽ ബാബു (29) എന്നിവരുടെ കുടുംബങ്ങളാണ് അഭിഭാഷകനായ കെ. പ്രത്യു മുഖാന്തരം പരാതി നൽകുന്നത്.
അന്വേഷണ ഉദ്യോഗസ്ഥന് രാഷ്ട്രീയ ചായ്വുണ്ടെന്നും നിരപരാധികളെ പ്രതികളാക്കിയെന്നും കുടുംബം ആരോപിക്കുന്നു. പോലീസിനുമേൽ സമ്മർദമുണ്ട്. അറസ്റ്റുചെയ്ത പ്രതികളെ കളവായി പ്രതിപട്ടികയിൽ ഉൾപ്പെടുത്താനും സാധ്യതകൂടുതലാണ്. പോലീസിന്റെ അന്വേഷണം ശരിയല്ല. നീതിയുക്തമായ അന്വേഷണമല്ല നടക്കുന്നതെന്ന് ബോധ്യമുള്ളതുകൊണ്ടാണ് പരാതി നൽകുന്നതെന്നും അഡ്വ. കെ. പ്രത്യു പറഞ്ഞു.