ചിറ്റൂർ പുഴയുടെ നടുവിൽ കുടുങ്ങിയ നാലുപേരെ രക്ഷപ്പെടുത്തി; രക്ഷാപ്രവ‌ർത്തകരെ അഭിനന്ദിച്ച് മന്ത്രി

Update: 2024-07-16 10:19 GMT

ചിറ്റൂർ പുഴയുടെ നടുവിൽ കുടുങ്ങിയ നാലുപേരെ രക്ഷപ്പെടുത്തി. പുഴയിൽ കുളിക്കാനിറങ്ങിയ വയോധികരായ അമ്മയും അച്ഛനും രണ്ട് മുതിർന്ന ആൺമക്കളുമാണ് നടുവിലായി കുടുങ്ങിപ്പോയത്. കനത്ത മഴയെത്തുടർന്ന് മൂലത്തറ റെഗുലേറ്റർ തുറന്നതോടെ പുഴയിൽ വെള്ളം നിറയുകയായിരുന്നു. ഇതോടെയാണ് നാലുപേരും പുഴയുടെ നടുവിലുള്ള പാറയിൽ അകപ്പെട്ടത്.ഇന്നുച്ചയോടെയായിരുന്നു സംഭവം. പിന്നാലെ വിവരമറി‌ഞ്ഞ് പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തുകയും രക്ഷാപ്രർത്തനം ആരംഭിക്കുകയും ചെയ്തു. നാലുപേരെയും ലൈഫ് ജാക്കറ്റ് ധരിപ്പിച്ചതിനുശേഷം കയറിൽകെട്ടി അതിസാഹസികമായാണ് കരയ്ക്കെത്തിച്ചത്.

പുഴയിൽ കനത്ത കുത്തൊഴുക്കുണ്ടായിരുന്നു. മന്ത്രി കെ കൃഷ്ണൻകുട്ടി സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു. രണ്ടുമണിക്കൂറാണ് നാലുപേരും പുഴയ്ക്ക് നടുവിൽ കുടുങ്ങിപ്പോയത്. മൈസൂർ സ്വദേശികളാണ് പുഴയിൽ കുടുങ്ങിയതെന്ന് മന്ത്രി പറഞ്ഞു. തൊഴിലുമായി ബന്ധപ്പെട്ട് എത്തിയവരാണ്. സാഹസിക ദൗത്യം പൂ‌ർത്തിയാക്കിയ രക്ഷാപ്രവർത്തകരെ മന്ത്രി അഭിനന്ദിച്ചു. പാലക്കാട് മഴ ശക്തമായി തുടരുകയാണ്. അടുത്ത മൂന്ന് മണിക്കൂറിൽ പാലക്കാട് അടക്കം ആറ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് പാലക്കാട് ഓറഞ്ച് അലർട്ട് നൽകിയിട്ടുണ്ട്. കനത്ത മഴയിൽ ജില്ലയിൽ വ്യാപക നാശനഷ്ടങ്ങളും ഉണ്ടായി.

Tags:    

Similar News