മൂന്നാറിലെ ജനവാസ മേഖലയില്‍ വീണ്ടും വിറപ്പിച്ച് പടയപ്പ. ഗ്രഹാംസ് ലാൻഡ് എസ്റ്റേറ്റിലാണ് പുലര്‍ച്ചെ നാലോടെ പടയപ്പ എത്തിയത്.
ലയങ്ങളോട് ചേര്‍ന്ന് തൊഴിലാളികള്‍ നട്ടു വളര്‍ത്തിയിരുന്ന പച്ചക്കറി കൃഷി നശിപ്പിച്ചു. ബീൻസും പയറും മറ്റു പച്ചക്കറികളും തിന്നു. മറ്റ് ആക്രമണമൊന്നും നടത്തിയില്ല. ഒരു മണിക്കൂറോളം ഇവിടെ നിലയുറപ്പിച്ച പടയപ്പ തൊഴിലാളികള്‍ ബഹളം വച്ചതിനെ തുടര്‍ന്നാണ് പിൻവാങ്ങിയത്. സാധാരണയായി അരി തേടിയാണ് പടയപ്പ ഇവിടങ്ങളില്‍ എത്താറുള്ളത്. ഇത്തവണ അരി കിട്ടാതായതോടെയാണ് പച്ചക്കറി തിന്ന് മടങ്ങിയത്.
ദിവസങ്ങള്‍ക്ക് മുമ്ബ് മൂന്നാറിലെ കുണ്ടള എസ്റ്റേറ്റില്‍ പടയപ്പയിറങ്ങിയിരുന്നു. എസ്റ്റേറ്റിലിറങ്ങിയ പടയപ്പയെ നാട്ടുകാര്‍ പ്രകോപിപ്പിച്ചു. ഇതോടെ നാട്ടുകാര്‍ക്കുനേരെ കാട്ടാന തിരിഞ്ഞു. എസ്റ്റേറ്റിലെ മണ്ണ് ഉള്‍പ്പെടെ കുത്തിനീക്കിയശേഷം നാട്ടുകാര്‍ക്കുനേരെ തിരിയുകയായിരുന്നു. ശബ്ദം ഉണ്ടാക്കിയും കല്ലെറിഞ്ഞുമാണ് കുറച്ചുപേര്‍ പടയപ്പയെ പ്രകോപിപ്പിച്ചത്. കാട്ടാനയെ പ്രകോപിപ്പിക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
നാട്ടുകാരുടെ പ്രകോപനത്തെതുടര്‍ന്ന് ഏറെ നേരം എസ്റ്റേറ്റില്‍ നിലയുറപ്പിച്ചശേഷമാണ് പടയപ്പ തിരിച്ചു കാടുകയറി പോയത്. ശാന്തനായി എസ്റ്റേറ്റിലൂടെ കാട്ടിലേക്ക് പോവുകയായിരുന്ന ആനയെ ആളുകള്‍ ശബ്ദമുണ്ടാക്കി പ്രകോപിപ്പിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. പടയപ്പ പിന്നീട് കാടുകയറി പോയെന്ന് വനംവകുപ്പ് അറിയിച്ചു.
കഴിഞ്ഞ കുറച്ചു ദിവസമായി മൂന്നാര്‍ മേഖലയില്‍ സ്ഥിര സാന്നിധ്യമായ പടയപ്പയെ കാട്ടിലേക്ക് തുരത്തണമെന്ന ആവശ്യമാണ് ശക്തമായിരിക്കുന്നത്. പതിവായി ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്നത് ആളുകള്‍ക്ക് ഭീഷണിയായി മാറുകയാണ്. ഇന്ന് പുലര്‍ച്ചെ പടയപ്പ എത്തിയപ്പോള്‍ ആളുകള്‍ക്കുനേരെ ആക്രമണം ഉണ്ടായില്ലെങ്കിലും ഭീതിയോടെയാണ് തോട്ടം തൊഴിലാളികള്‍ ഇവിടെ കഴിയുന്നത്.