പ്രമുഖ സിനിമാ നിര്‍മാതാവ് പി.വി ഗംഗാധരന്‍ അന്തരിച്ചു

Update: 2023-10-13 04:23 GMT

പ്രമുഖ ചലച്ചിത്ര നിര്‍മാതാവ് പി.വി ഗംഗാധരന്‍(80) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മാതൃഭൂമി ദിനപത്രത്തിന്‍റെ ഡയറക്ടറായിരുന്നു. എ ഐ സി സി അംഗമായിരുന്നു. 2011 ൽ കോഴിക്കോട്' നോർത്ത് മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ ആറരയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽവെച്ചായിരുന്നു അന്ത്യം. അസുഖബാധിതനായി ഒരാഴ്ചയായി ചികിത്സയിലായിരുന്നു.പിവിജി എന്നറിയപ്പെടുന്ന പി.വി ഗംഗാധരന്‍ മലയാള സിനിമക്ക് നിരവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച നിര്‍മാതാവായിരുന്നു. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് എന്ന ബാനറിൽ ഇരുപതിലേറെ സിനിമകള്‍ നിര്‍മിച്ചിട്ടുണ്ട്. 1977ല്‍ പുറത്തിറങ്ങിയ സുജാതയുടെ ആദ്യ ചിത്രം. അങ്ങാടി, അഹിംസ, കാറ്റത്തെ കിളിക്കൂട്, വാര്‍ത്ത, ഒരു വടക്കന്‍ വീരഗാഥ, ഏകലവ്യന്‍, അദ്വൈതം, കൊച്ചു കൊച്ചു സന്തോഷങ്ങള്‍, അച്ചുവിന്‍റെ അമ്മ എന്നിവ ഇതില്‍ ചിലതാണ്. എസ് ക്യൂബുമായി ചേർന്ന് നിർമിച്ച ജാനകി ജാനേയാണ് അവസാനം പുറത്തിറങ്ങിയ ചിത്രം.

ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ പിവിജി നിർമിച്ച കാണാക്കിനാവ് എന്ന ചിത്രത്തിന് 1997-ൽ മികച്ച ദേശീയോ​ദ്​ഗ്രഥന ചിത്രത്തിനുള്ള നർ​ഗീസ് ദത്ത് പുരസ്കാരവും 2000-ൽ ശാന്തം എന്ന ചിത്രത്തിന് മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും ലഭിച്ചു. ഒരു വടക്കൻ വീര​ഗാഥ , കാണാക്കിനാവ്, വീണ്ടും ചില വീട്ടുകാര്യങ്ങൾ, അച്ചുവിന്റെ അമ്മ, നോട്ട്ബുക്ക് എന്നീ ചിത്രങ്ങൾ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. കേരള ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. ദീർഘകാലം ചലച്ചിത്ര നിർമാതാക്കളുടെ ആഗോള സംഘടനയായ ഫിയാഫിന്‍റെ വൈസ് പ്രസിഡന്‍റായിരുന്നു. പി.വി സാമിയുടെയും മാധവി സാമിയുടെയും മകനായി 1943ല്‍ കോഴിക്കോട് ജില്ലയിലാണ് ജനനം. മാതൃഭൂമി മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രന്‍ മൂത്ത സഹോദരനാണ്. ഭാര്യ - ഷെറിൻ. ചലച്ചിത്ര നിർമാണക്കമ്പനി എസ് ക്യൂബിന്‍റെ സാരഥികളായ ഷെനു​ഗ, ഷെ​ഗ്ന, ഷെർ​ഗ എന്നിവർ മക്കളാണ്

Tags:    

Similar News