ഡിഎംകെ യുടെ ഷാൾ അണിഞ്ഞ് സഭയിലെത്തി അൻവർ; പ്രതിപക്ഷ നിരയോട് ചേർന്ന് നാലാം നിരയിൽ ഇരിപ്പിടം
സർക്കാരിൽ നിന്നും നീതി ലഭിക്കില്ലെന്ന് മനസിലായപ്പോഴാണ് ഗവർണറെ കണ്ടതെന്ന് പി.വി അൻവർ എംഎൽഎ. എസ്‌ഐടി അന്വേഷണം സത്യസന്ധമല്ലെന്നും ഡിജിപി നല്ല തീരുമാനമെടുക്കുന്നയാളാണെങ്കിലും അതിന് താഴെയുള്ള ഉദ്യോഗസ്ഥർ എഡിജിപിയുടെ ആളുകളാണെന്നും അൻവർ പറഞ്ഞു. നിയമസഭയിലേക്ക് പോകുന്നതിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
താൻ ഉന്നയിച്ച സ്വർണക്കടത്തിൽ ആരുടെയും മൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. അജിത് കുമാറിനെ സസ്‌പെൻഡ് ചെയ്യണമെന്ന റിപ്പോർട്ട് പൂഴ്ത്തി. പൂരംകലക്കലിലാണ് അജിത് കുമാറിനെ മാറ്റിയതെന്നും അൻവർ ചൂണ്ടിക്കാട്ടി. താൻ പറയുന്നതിൽ കളവില്ല. കാര്യങ്ങളെല്ലാം ഗവർണറെ ധരിപ്പിച്ചു. ഗവർണർക്ക് വേണമെങ്കിൽ ഹൈക്കോടതിയെ സമീപിക്കാമെന്നും അൻവർ കൂട്ടിച്ചേർത്തു. വാഹനത്തിൽ ഡിഎംകെ കൊടിയും കഴുത്തിൽ പാർട്ടി ഷോൾ അണിഞ്ഞും കയ്യിൽ ചുവന്ന തോർത്തുമായിട്ടാണ് അൻവർ നിയമസഭയിലെത്തിയത്.
മുഖ്യമന്ത്രിയും കുടുംബവും ഉടൻ അമേരിക്കയിൽ പോവുമെന്ന് പി.വി അൻവർ പറഞ്ഞു. അമേരിക്കയിൽ ജീവിക്കാനുള്ള കാര്യങ്ങളാണ് ചെയ്യുന്നത്. മകളെയും മരുമകനെയും രക്ഷിക്കാനാണ് പിണറായിയുടെ നീക്കങ്ങൾ. ദേശീയപാത നിർമാണത്തിലും ബാർ ഹോട്ടലുകൾക്ക് സ്റ്റാർ പദവി നൽകുന്നതിലും അഴിമതി നടക്കുകയാണെന്നും അൻവർ ആരോപിച്ചു.