പിഎസ്സി അംഗത്വം കിട്ടാൻ കൈക്കൂലി; പാർട്ടി കോടതി വേണ്ടെന്ന് പ്രതിപക്ഷം, സുതാര്യമായ സ്ഥാപനമാണ് പിഎസ്സിയെന്ന് മുഖ്യമന്ത്രി
പിഎസ്‌സി അംഗത്വം കിട്ടാൻ ലക്ഷങ്ങൾ കൈക്കൂലി നൽകിയെന്ന ആരോപണം സഭയിൽ സബ്മിഷനായി ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഗൗരവമേറിയ ആരോപണമാണിതെന്നും മന്ത്രി റിയാസിൻറെ പേര് പറഞ്ഞാണ് യുവ നേതാവ് പണം കൈപ്പറ്റിയതെന്നാണ് പുറത്തു വരുന്ന വിവരമെന്നും അദ്ദേഹം ആരോപിച്ചു. പോലീസ് കേസ് എടുത്തു അന്വേഷിക്കണം. ഇത്തരം പണം വാങ്ങുന്ന ആളുകൾ പാർട്ടിയിൽ ഉണ്ട് എന്നത് ഗൗരവകരമാണെന്നും സതീശൻ പറഞ്ഞു.
'പിഎസ്‌സി അംഗത്വം ലേലത്തിൽ വെക്കുന്നു. ഇത് ആദ്യ സംഭവം അല്ല. കണ്ണൂരിലെ പോലെ കോഴിക്കോടും കോക്കസ് പ്രവർത്തിക്കുന്നു. പിഎസ്‌സി അംഗത്വം ലേലത്തിൽ വെക്കുന്നു. ഇനി എന്ത് വിശ്വാസ്യത. സിപിഎമ്മിലെ ആഭ്യന്തര കാര്യം അല്ല ഇത്. ഇത് പാർട്ടിക്കാര്യം പോലെ കൈകാര്യം ചെയ്യുകയാണ്. എന്ത് കൊണ്ട് പരാതി പോലീസിന് കൈ മാറുന്നില്ലെന്ന് ചോദിച്ച അദ്ദേഹം ഇത് പാർട്ടി കോടതി അല്ല തീരുമാനിക്കേണ്ടതെന്നും വി.ഡി സതീശൻ പറഞ്ഞു
എന്നാൽ രാജ്യത്തെ ഏറ്റവും സുതാര്യമായ സ്ഥാപനമാണ് പിഎസ്സിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചു. ഇതുവരെ കമ്മീഷനെതിരെ ആരോപണം ഉണ്ടായിട്ടില്ല. അംഗങ്ങളുടെ നിയമനം സുതാര്യമാണ്. മാധ്യമ വാർത്ത അല്ലാതെ ക്രമക്കേട് ശ്രദ്ധയിൽ പെട്ടിട്ടില്ല. നിയമനത്തിൽ തെറ്റായ രീതി ഇല്ലെന്നു ഉറപ്പിച്ചു പറയാം. നിയമിച്ചവരെ കുറിച്ച് ഒരു ആക്ഷേപവും ഉയർന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ അന്വേഷണത്തിന് സർക്കാർ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. അക്കാര്യത്തിൽ ആശങ്ക വേണ്ട. തട്ടിപ്പ് നടത്തുന്നവർക്ക് എതിരെ കടുത്ത നടപടി ഉണ്ടാകും. പിഎസ്‌സിയെ ഇതിൻറെ പേരിൽ കരി വാരി തേക്കരുതെന്നും അദ്ദേഹം പറഞ്ഞു.