ഓണസമ്മാനമായി നറുക്കെടുപ്പിലൂടെ വിദേശമദ്യം വിതരണം; കൂപ്പണടിച്ച് വിറ്റയാള്‍ എക്‌സൈസ് പിടിയില്‍

Update: 2023-08-23 07:29 GMT

തിരുവോണം ബമ്പര്‍ എന്നപേരില്‍ ഓണസമ്മാനമായി നറുക്കെടുപ്പിലൂടെ വിദേശമദ്യം വിതരണംചെയ്യാന്‍ കൂപ്പണ്‍ പ്രിന്റ് ചെയ്ത സംഭവത്തില്‍ ഒരാള്‍ എക്‌സൈസിന്റെ പിടിയില്‍.

ബേപ്പൂര്‍ ഇട്ടിച്ചിറപ്പറമ്പ് കയ്യിടവഴിയില്‍ വീട്ടില്‍ ഷിംജിത്തിനെ(36)യാണ് കോഴിക്കോട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി. ശരത് ബാബുവും സംഘവും ചൊവ്വാഴ്ച അറസ്റ്റുചെയ്തത്.

ഒന്നാം സമ്മാനം, രണ്ടാം സമ്മാനം എന്നിങ്ങനെ വിവിധ ബ്രാന്‍ഡ് മദ്യമാണ് ഇയാള്‍ നല്‍കാനായി കൂപ്പണില്‍ അടിച്ചിരുന്നത്. ആയിരംകൂപ്പണുകളാണ് ഇയാള്‍ നറുക്കെടുപ്പിനായി അടിച്ചിരുന്നത്. അതില്‍ 700 വില്‍പ്പന നടത്താത്ത കൂപ്പണുകളും 300 എണ്ണം വില്‍പ്പന നടത്തിയതിന്റെ കൗണ്ടര്‍ഫോയിലുകളും എക്‌സൈസ് പിടിച്ചെടുത്തു.

അബ്കാരി ആക്ട് 55 എച്ച് പ്രകാരമാണ് ഇയാളുടെപേരില്‍ കേസെടുത്തത്. ഇത്തരം കൂപ്പണുകള്‍ സാമൂഹികമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നവരുടെ പേരില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും എക്‌സൈസ് അധികൃതര്‍ അറിയിച്ചു.

പ്രിവന്റീവ് ഓഫീസര്‍ അനില്‍ദത്ത് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സി.പി. ഷാജു, വി.വി. വിനു, എം.എം. ബിബിനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.

Tags:    

Similar News