വീടുകളിലെ മാലിന്യവും സാനിറ്ററി പാഡുകളും ഉദ്യോഗസ്ഥർ സെക്രട്ടേറിയറ്റിൽ തള്ളുന്നു; സർക്കുലർ

Update: 2023-05-25 05:47 GMT

വീടുകളിലെ മാലിന്യം ജീവനക്കാർ സെക്രട്ടേറിയറ്റിൽ നിക്ഷേപിക്കുന്നതിനെതിരെ ഹൗസ് കീപ്പിങ് വിഭാഗത്തിന്റെ സർക്കുലർ. മാലിന്യം നിക്ഷേപിക്കാനായി ഓരോ ഡിപ്പാർട്ട്‌മെന്റുകളിലും സ്ഥാപിച്ചിട്ടുള്ള ബക്കറ്റുകളിലാണ് വീടുകളിലെ മാലിന്യം നിക്ഷേപിക്കുന്നതായി കണ്ടെത്തിയത്.

വീട്ടിലെ ഭക്ഷണ അവശിഷ്ടങ്ങളും പച്ചക്കറികളുടെ അവശിഷ്ടങ്ങളും സാനിറ്ററി പാഡുകളും ജീവനക്കാർ ബക്കറ്റുകളിൽ നിക്ഷേപിക്കുന്നതായി കണ്ടെത്തി. അവശിഷ്ടങ്ങൾ കാരണം രൂക്ഷമായ ഗന്ധം ഉണ്ടാകുന്നതായി ജീവനക്കാരിൽനിന്നു പരാതികളും ലഭിച്ചു. എല്ലാ മൂന്നു മാസം കൂടുമ്പോഴും ശുചിത്വം സംബന്ധിച്ച നിർദേശം നൽകാറുണ്ടെങ്കിലും വീട്ടിലെ മാലിന്യങ്ങൾ ഓഫിസിൽ നിക്ഷേപിക്കുന്ന പ്രവണത തുടരുകയാണെന്ന് പൊതുഭരണ വകുപ്പ് ഹൗസ് കീപ്പിങ് വിഭാഗം പറയുന്നു. മാലിന്യം തള്ളുന്ന ജീവനക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കാനാണ് ആലോചന. വേസ്റ്റ് ബിന്നുകൾ സിസിടിവി ക്യാമറയുടെ പരിധിയിൽ കൊണ്ടുവരും.

എല്ലാ ജീവനക്കാരും ആഹാരവും വെള്ളവും കൊണ്ടുവരുന്നതിന് പൊതികളും പ്ലാസ്റ്റിക് കുപ്പികളും ഒഴിവാക്കി കഴുകി ഉപയോഗിക്കാൻ കഴിയുന്ന പാത്രങ്ങൾക്ക് മുൻഗണന നൽകണം. കുപ്പിയിൽ അലങ്കാര ചെടികൾ ഇട്ടുവയ്ക്കുന്നത് ഒഴിവാക്കാനും നിർദേശം നൽകി. പലയിടത്തും വെള്ളത്തിൽ കൂത്താടികളുടെ സാന്നിധ്യം കണ്ടെത്തിയതിനാലാണിത്. ഡെങ്കിപ്പനിപോലെ ജലജന്യ രോഗങ്ങൾ പടർന്നുപിടിക്കുന്നതിന് കാരണമാകുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. സെക്രട്ടേറിയറ്റിലെ പലഭാഗങ്ങളിലായി ഉപയോഗിക്കാതെ കിടക്കുന്ന വാഹനങ്ങൾ സുരക്ഷാ പ്രശ്‌നമുള്ളതിനാൽ നീക്കം ചെയ്യാനും നിർദേശം നൽകി

Tags:    

Similar News