തെറ്റായ മറുപടി നൽകി; ഭക്ഷ്യമന്ത്രിക്കെതിരേ അവകാശലംഘന നോട്ടീസ് നൽകി എം. വിൻസെന്റ്

Update: 2023-08-21 06:11 GMT

ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിലിനെതിരെ എം. വിൻസെന്റ് എം.എൽ.എ. സ്പീക്കർക്ക് അവകാശലംഘനത്തിന് നോട്ടീസ് നൽകി. വിലക്കയറ്റവുമായി ബന്ധപ്പെട്ട അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നൽകവേ നിയമസഭയെയും സാമാജികരെയും തെറ്റിദ്ധരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്.

സപ്ലൈകോ ഔട്ട്‌ലെറ്റുകളിൽ 13 നിത്യോപയോഗ സാധനങ്ങൾ ഇല്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞത് തെറ്റാണെന്നും സഭ പിരിഞ്ഞതിനുശേഷം പ്രതിപക്ഷ നേതാവിനോടൊപ്പം ഔട്ട്‌ലെറ്റുകൾ സന്ദർശിക്കാൻ തയ്യാറാണെന്നും മന്ത്രി സഭയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, അന്നുതന്നെ സപ്ലൈകോ ഔട്ട്‌ലെറ്റുകൾ നേരിട്ട് സന്ദർശിച്ച മാധ്യമങ്ങൾ 13 സാധനങ്ങൾ ഇല്ലെന്ന് വ്യക്തമാക്കുുന്ന ദൃശ്യങ്ങളും റിപ്പോർട്ടുകളും പുറത്തുവിട്ടു.

തുടർന്ന് മന്ത്രിതന്നെ അവശ്യസാധനങ്ങൾ മുഴുവൻ ലഭ്യമല്ലെന്നും ഉടൻ ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്നും മാധ്യമങ്ങളോട് വ്യക്തമാക്കി. ഈ സാഹചര്യത്തിൽ സപ്ലൈകോ ഔട്ട്‌ലെറ്റുകളിൽ നിത്യോപയോഗ സാധനങ്ങളുടെ ലഭ്യത സംബന്ധിച്ച് മന്ത്രിസഭയിൽ നടത്തിയ പ്രസ്താവന വസ്തുതാവിരുദ്ധമാണെന്ന കാര്യം ബോധ്യപ്പെടുന്നതാണെന്ന് എം. വിൻസെന്റ് സ്പീക്കർക്ക് നൽകിയ കത്തിൽ ചൂണ്ടിക്കാട്ടി.

ജനജീവിതത്തെ ദോഷകരമായി ബാധിക്കുന്ന വിലക്കയറ്റമെന്ന പ്രധാനപ്പെട്ട ഒരു വിഷയത്തെക്കുറിച്ച് വസ്തുതാവിരുദ്ധമായ കാര്യം സഭാതലത്തിൽ പറഞ്ഞ് സഭയെയും സാമാജികരെയും മനഃപൂർവ്വം തെറ്റിദ്ധരിപ്പിക്കുന്നതിനു ശ്രമിച്ചതിലൂടെ ഭക്ഷ്യ-പൊതുവിതരണ വകുപ്പ്മന്ത്രി നിയമസഭാ അംഗമെന്ന നിലയിൽ തന്റെയും നിയമസഭയുടെയും സഭാംഗങ്ങളുടെയും പ്രത്യേക അവകാശങ്ങൾ ലംഘിച്ചു. കേരള നിയമസഭയുടെ നടപടിക്രമവും കീഴ്വഴക്കങ്ങളും സംബന്ധിച്ച ചട്ടം 154 പ്രകാരം മന്ത്രി ജി.ആർ. അനിലിനെതിരേ അവകാശ ലംഘനത്തിന് നടപടി സ്വീകരിക്കണമെന്നും എം. വിൻസെന്റ് ആവശ്യപ്പെടുന്നു.

Tags:    

Similar News