പ്രതിപക്ഷ നരേറ്റീവിൽ വീഴില്ല; മദ്യനയത്തിൽ ഒരു ശുപാർശയും ലഭിച്ചിട്ടില്ല; മന്ത്രി റിയാസ്
മദ്യനയവുമായി ബന്ധപ്പെട്ട് ടൂറിസം വകുപ്പിൽ നിന്ന് ഒരു ശുപാർശയും ലഭിച്ചിട്ടില്ലെന്നും ടൂറിസം ഡയറക്ടർ പ്രതിമാസം 40ലധികം യോഗം വിളിക്കുമെന്നും അതെല്ലാം മന്ത്രി അറിഞ്ഞുകൊണ്ടല്ലെന്നും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. നിയമസഭ ചോദ്യോത്തര വേളയിൽ റോജി എം ജോണിൻറെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. മെയ് 21ന് ടൂറിസം ഡയറക്ടർ വിവിധ സംഘടനകളുടെ യോഗം ചേർന്നിരുന്നുവെന്നും ചീഫ് സെക്രട്ടരിയുടെ നിർദേശത്താലാണ് യോഗം ചേർന്നതെന്നും മദ്യയനവുമായി ബന്ധപ്പെട്ടാണ് യോഗമെന്നും ഇക്കാര്യം മന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോയെന്നുമായിരുന്നു ചോദ്യം.
എല്ലാ കാര്യവും ടൂറിസം ഡയറക്ടറോട് ചീഫ് സെക്രട്ടറിയും താനും വ്യക്തമാക്കിയതാണെന്നും വിവിധ കാര്യങ്ങൾ ചർച്ച ചെയ്യാനായിരുന്നു യോഗം ചേർന്നതെന്നും മന്ത്രി റിയാസ് മറുപടി നൽകി. സൗകര്യപ്രകാരം ഒരു കാര്യം മാത്രം ചൂണ്ടികാണിക്കുകയായിരുന്നു. വിവിധ കാര്യങ്ങളിൽ സംഘടനകൾ ഉന്നയിച്ച ഒരു കാര്യം മാത്രമാണിത്. അല്ലാതെ മദ്യനയവുമായി ബന്ധപ്പെട്ട ഒരു ശുപാർശയും ലഭിച്ചിട്ടില്ല. വിഷയത്തിൽ പല നരേറ്റീവ് നൽകാൻ ശ്രമിക്കുന്നുണ്ട്. പ്രതിപക്ഷം സൃഷ്ടിക്കുന്ന നരേറ്റീവിൽ താൻ വീഴില്ലെന്നും മന്ത്രി പറഞ്ഞു.
യുഡിഎഫ് ഭരണകാലത്തും സമാനമായ യോഗങ്ങൾ വിളിച്ചിട്ടുണ്ട്. വേണമെങ്കിൽ തെളിവുകൾ നൽകാമെന്നും റിയാസ് പറഞ്ഞു. സിപിഐ യോഗത്തിൽ മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് പറയുന്നത് മാധ്യമസൃഷ്ടിയാണ്. അത് സഭയിൽ പ്രതിപക്ഷം ഉന്നയിക്കുന്നത് മാനസിക ഉല്ലാസത്തിന് മാത്രം. മദ്യനയത്തെ കുറിച്ച് രണ്ട് മന്ത്രിമാരും ഒരേ അഭിപ്രായമാണ് പറഞ്ഞത്. മന്ത്രിയായി ഇരിക്കാമോ എന്നുള്ള പ്രതിപക്ഷ ചോദ്യമൊക്കെ ഇൻസ്റ്റാഗ്രാമിൽ ബിജിയമിട്ട് കാണിക്കാമെന്നല്ലാതെ ഒരു കാര്യമില്ല. അത് സ്വന്തം നിരയിലെ മുൻ മന്ത്രിമാരെ നോക്കി പറയുന്നതാവും നല്ലത്. ഡ്രൈ ഡേമാറ്റണമോയെന്ന കാര്യത്തിൽ സമയമാകുമ്പോൾ ടൂറിസം വകുപ്പ് അഭിപ്രായം പറയും. ശംഖുമുഖത്ത് സർഫിംഗ് തുടങ്ങുന്ന കാര്യം പരിശോധിക്കുമെന്നും മന്ത്രി റിയാസ് പറഞ്ഞു.